ഫന പ്രദര്‍ശനത്തിനെതിരെ ആത്മഹത്യാശ്രമം
രാജ്കോട്ട്: ഗുജറാത്തിലെ ജംനാഗറിലെ അംമ്പര്‍ തിയേറ്ററില്‍ അമീര്‍ഖാന്‍ ചിത്രമായ ഫന പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യാശ്രമം നടത്തി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയുടെ പ്രദര്‍ശനത്തിനിടയിലാണ് പര്‍വ്വീണ്‍ ജോഷി(30) തിയേറ്ററിലെ മൂത്രപ്പുരയില്‍ കയറി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ശരീരത്തില്‍ അമ്പത് ശതമാനത്തോളം പൊള്ളലേറ്റ ജോഷിയെ ജംനാഗറിലെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്കോട്ട് സ്വദേശിയും ഫാക്ടറിത്തൊഴിലാളിയുമായ ജോഷി നര്‍മ്മദാ അണക്കെട്ടു സംബന്ധിച്ച് അഭിപ്രായമുന്നയിച്ച അമീര്‍ഖാന്റെ ചിത്രമായ ഫനക്കെതിരെ എതിര്‍പ്പ് രേഖപ്പെടുത്താനാണ് ജംനാഗറില്‍ എത്തിയത്.
നര്‍മ്മദ പ്രശ്നത്തില്‍ ഗുജറാത്തിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെയുള്ള നിലപാട് അമീര്‍ഖാന്‍ തിരുത്തുകയും ഗുജറാത്ത് വിരുദ്ധ നിലപാടില്‍ മാപ്പുപറയുകയുംചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ ചിത്രമായ ഫനക്കെതിരെ ഇത്തരത്തിലുള്ള ആത്മഹത്യാശ്രമങ്ങളും പ്രതിഷേധങ്ങളും തുടരുമെന്ന് ആശുപത്രിയില്‍ക്കഴിയുന്ന ജോഷി വ്യക്തമാക്കി.
മാത്രമല്ല താന്‍ ആത്മഹത്യ ചെയ്യുമെന്ന കാര്യം താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ കത്തുമുഖേന അറിയിച്ചിട്ടുണ്ടെന്നും ജോഷി അറിയിച്ചു.
ഞായറാഴ്ച മൂന്നു മണിയുടെ പ്രദര്‍ശനത്തിന് ടിക്കറ്റെടുത്തു കയറിയ ജോഷി ഇടവേളയില്‍ മൂത്രപ്പുരയില്‍ പോയി പെട്രോള്‍ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്ന് തിയേറ്റര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇയാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനയുമായോ ബന്ധമുള്ളതായി അറിവില്ലെന്ന് ജംനാഗര്‍ എസ്പി വ്യക്തമാക്കി. ഇയാള്‍ക്കെതിരെ ഇതേവരെ കേസെടുത്തിട്ടില്ലെന്നും നില മെച്ചപ്പെടുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുമെന്നും എസ് പി അറിയിച്ചു.
ആത്മഹത്യാ ശ്രമത്തിനു ശേഷവും ചിത്രം കാണാന്‍ വന്‍ജനക്കൂട്ടമെത്തിയതിനാല്‍ തിയേറ്ററില്‍ ആറുമണിയുടെ പ്രദര്‍ശനവും നടന്നു.












Click it and Unblock the Notifications