മദന്‍ലാല്‍ ഖുറാന പുതിയ പാര്‍ട്ടി രൂപീകരിച്ചു
ദില്ലി: മുന്‍ ബിജെപി നേതാവ് മദന്‍ലാല്‍ ഖുറാന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഭാരതീയ ജന മഹാസംഘ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
രാജേന്ദ്ര ഗുപ്തയെ പാര്‍ട്ടി പ്രസിഡന്റായി നിയമിച്ചതായി ഖുറാന അറിയിച്ചു. ദില്ലി എംഎല്‍എ ദയാനന്ദ് ചന്ദേലയാണ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍.
ബിജെപിയില്‍ നിന്നും അവഗണന നേരിട്ട എല്ലാ നേതാക്കള്‍ക്കും പുതിയ പാര്‍ട്ടി ഒരു വേദിയാവുമെന്ന് ഖുറാന പറഞ്ഞു. ഒരു ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര, കമ്യൂണിസ്റ് ഇതര പാര്‍ട്ടിയായിരിക്കും ഇത്. തുടക്കത്തില്‍ ആറു മാസത്തോളം ഒരു രാഷ്ട്രീയേതര സംഘടനയായിട്ടായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ദില്ലിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പായി പൂര്‍ണമായും രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ദേശീയതലത്തില്‍ വരുന്ന ഡിസംബറോടെ ഒരു മൂന്നാം മുന്നണി രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ഖുറാന പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നതിനായിരിക്കും മുന്നണി പ്രഥമ പരിഗണന നല്‍കുന്നത്.
സസ്പെന്‍ഷനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഖുറാന ബിജെപിയില്‍ നിന്നും രാജിവച്ചത്.












Click it and Unblock the Notifications