സിപിഎം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലുണ്ടായ ബോംബാക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പുന്നാട് കോട്ടത്തെക്കുന്നില്‍ ആണിക്കല്ല് വളപ്പില്‍ മൊയ്തൂട്ടിയുടെ മകന്‍ യാക്കൂബ്(24) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ യാക്കൂബിന്റെ വീട്ടില്‍ നിന്നും 250 മീറ്ററോളം അകലെയുള്ള മറ്റൊരു വീടിന്റെ പരിസരത്താണ് കൊലപാതകം നടന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ പൊലീസ് സംഘം ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഇരിട്ടി സിഐ പ്രിന്‍സ് എബ്രഹാം പറഞ്ഞു. ഞായറാഴ്ച കോട്ടത്തെക്കുന്നില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ഗുരുതരാവസ്ഥയിലായ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ യാക്കൂബ് പ്രതിയാണ്. അതിന്റെ പ്രതികാരമെന്ന നിലയിലായിരിക്കണം യാക്കൂബിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
ഇരിട്ടി ഡിവൈഎസ്പി കെ. പ്രകാശ്, സിഐ പ്രിന്‍സ് എബ്രഹാം, എസ്ഐ ടി.മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
2005 മാര്‍ച്ചില്‍ ഹിന്ദു ഐക്യവേദി നേതാവ് അശ്വനികുമാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പുന്നാട് സമാധാനാന്തരീക്ഷത്തിലേയ്ക്ക് തിരിച്ചുവരുകയായിരുന്നു. ഇതിനിടയിലുണ്ടായ ഈ സംഭവം പ്രദേശത്തെ വീണ്ടും ഭീതിയിലാക്കിയിരിക്കുകയാണ്. യാക്കൂബിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച പുന്നാട് മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications