വെടിമരുന്നു പുരയില്‍ സ്ഫോടനം: ഒരാള്‍ മരിച്ചു
എരുമപ്പെട്ടി: തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ടു പുരയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കുണ്ടന്നൂര്‍ മുട്ടിക്കല്‍ സ്വദേശി കണ്ടമ്പുള്ളി വേണുഗോപാലാണ്(45) ബുധനാഴ്ച രാവിലെ പത്തുമണിക്കുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടന്നൂര്‍ പ്രഭാകരന്റെ ലൈസന്‍സിലുള്ള ഷെഡിലാണ് അപകടം നടന്നത്.
ഉത്സവകാലം കഴിഞ്ഞതോടെ ബാക്കി വരുന്ന കോറകളുടെ മൂടി തുറന്ന് മരുന്ന് മറ്റൊരു പാത്രത്തിലിടുന്നതിനിടെ ഒരു ഗുണ്ട് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. മുറിയില്‍ നിറയെ കോറകളും ഗുണ്ടുകളും ഉണ്ടായിരുന്നെങ്കിലും മറ്റുള്ളതിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചാക്കില്‍ പൊതിഞ്ഞാണ് വേണുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ശരീരമാകെ പൊള്ളലേറ്റ വേണുവിന്റെ കാലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അപകട സമയത്ത് വെടിക്കെട്ടു പുരയില്‍ വേണു മാത്രമേ ഉണ്ടായിരുന്നുള്ളു. ഉയര്‍ന്ന പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications