ജോസഫിനെ എല്‍ഡിഎഫ് കൈവിടില്ല
തിരുവന്തപുരം: മൈത്രി ഭവന പദ്ധതി വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി പി.ജെ ജോസഫിനെ സംരക്ഷിക്കാന്‍ ബുധനാഴ്ച നടന്ന ഇടതുമുന്നണി നേതൃയോഗം തീരുമാനിച്ചു.
സിപിഎം നേതാവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ക്രമക്കേട് വ്യക്തമായിട്ടുണ്ടെങ്കിലും തല്‍ക്കാലം മന്ത്രിയെ കൈവിടേണ്ടെന്നാണ് യോഗത്തിലുണ്ടായ ധാരണ.
മന്ത്രി അഴിമതിനടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് ഇടതുമുന്നണിയെത്തിയതെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ആരോപണം സംബന്ധിച്ച് ദീര്‍ഘമായ വിശദീകരണമാണ് മന്ത്രി ജോസഫ് യോഗത്തില്‍ നല്‍കിയത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് രേഖകളും ഹാജരാക്കിയിട്ടുണ്ട്.
പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് ഉണ്ടായെങ്കില്‍ത്തന്നെ അതില്‍ തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും അദ്ദേഹം വാദിച്ചു. ബോര്‍ഡിലെ ഇതര അംഗങ്ങല്‍ ഇടതുമുന്നണി നേതാക്കള്‍ തന്നെയായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇതെല്ലാം പരിഗണിച്ചശേഷമാണ് മന്ത്രിയെ സംരക്ഷിക്കാമെന്ന തീരുമാനം യോഗത്തിലുരുത്തിരിഞ്ഞത്. ഘടകകക്ഷികളൊന്നും മന്ത്രിക്കെതിരെ നിലപാടെടുത്തതായി സൂചനയില്ല.
നിയമസഭാ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും യുഡിഎഫ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുണ്ടായ ശ്രമത്തിന്റെ ഭാഗമാണിത്. ജനങ്ങള്‍ അതു തള്ളിക്കളയും. നിയമസഭാ സമിതിയും ഓഡിറ്റ് റിപ്പോര്‍ട്ടുകളും വീഴ്ച ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ യുഡിഎഫ് പറഞ്ഞ ആരോപണങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളതെന്നായിരുന്നു വിശ്വന്റെ മറുപടി.
നാലു വര്‍ഷത്തെ നടപടികളാണ് പ്രധാനമായും റിപ്പോര്‍ട്ടുകളില്‍ വരുന്നത്. ഒര ുവര്‍ഷത്തേത് എന്തുകൊണ്ട് ഒഴിവാക്കിയെന്നതു പരിശോധിക്കണം. പരിസ്ഥിതിവകുപ്പില്‍ സിപിഐയുടെ അവകാശവാദം ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം ആഗസ്തില്‍ ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ചചെയ്യുമെന്ന് കണ്‍വീനര്‍ പറഞ്ഞു. നല്ല പ്രവര്‍ത്തനങ്ങളാണ് തുടക്കത്തില്‍ സര്‍ക്കാര്‍ കാഴ്ചവെച്ചത് എന്നാണ് നിഗമനം.
യുഡിഎഫ് ഭരണകാലത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുെകളില്‍ കഴിയുന്നവ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications