സ്വാശ്രയ കോളേജ് : കരട് ബില്ലിന് രൂപം നല്‍കി
തിരുവനന്തപുരം: പകുതി സീറ്റില്‍ സര്‍ക്കാര്‍ ഫീസും 35ശതമാനം സീറ്റില്‍ കൂടിയ ഫീസും 15 ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ അതിനേക്കാള്‍ കൂടിയ ഫീസും ചുമത്താല്‍ വ്യവസ്ഥചെയ്യുന്ന സ്വാശ്രയകോളേജ് ബില്ലിന്റെ കരടിനു സര്‍ക്കാര്‍ രൂപം നല്‍കി.
കൂടിയ ഫീസ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിക്കും. ഇതിനിടയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2001ല്‍ കൊണ്ടുവന്ന ഫീസ് ഘടന അംഗീകരിക്കാന്‍ തയ്യാറാണെന്ന് സ്വാശ്രയ എന്‍ജിനീയറിംഗ് മാനേജ്മെന്റുകള്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.
50ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസും 9000രൂപ വികസന ഫീസും 50 ശതമാനം സീറ്റില്‍ 50,000രൂപ ഫീസും 9000 രൂപ വികസനഫീസും എന്നതായിരുന്നു അന്നത്തെ എന്‍ജിനീയറിംഗ് കോളേജ് ഫീസ് ഘടന .
50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നല്‍കാമെന്നു സമ്മതിച്ച മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ഈ സീറ്റില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചെലവ് ഏതെങ്കിലും രീതിയില്‍ മാനേജ്മെന്റിനു ലഭിക്കുന്ന വിധത്തില്‍ ഫീസ് ഘടന രൂപപ്പെടുത്തണമെന്ന നിലപാടാണ് സ്വീകരിച്ചത്.
വിദ്യാഭ്യാസ മന്ത്രി , അഡ്വക്കറ്റ് ജനറല്‍, ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് ചര്‍ച്ചചെയ്ത് കരടുബില്ലിന് രൂപം നല്‍കിയത്.
പട്ടകി ജാതി, പട്ടികവര്‍ഗ്ഗം, മറ്റുപിന്നോക്ക വിഭാഗങ്ങള്‍ എന്നിവയ്ക്കായി 35ശതമാനം സീറ്റാണ് സംവരണം ചെയ്യുക. രണ്ടര ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കു മാത്രം സംവരണത്തിന്റെ ആനുകൂല്യം നല്‍കിയാല്‍ മതിയെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്യും.
മെറിറ്റ് അനുസരിച്ചു പ്രവേശനം ലഭിക്കുന്ന മുന്നോക്ക സമുദായാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സീറ്റില്‍ 12 ശതമാനം ആയിരിക്കും ലഭിക്കുക. വികലാംഗര്‍ക്കു മുന്നു ശതമാനം സീറ്റുണ്ട്. മെറിറ്റ് സീറ്റില്‍ സാമ്പത്തിക ശേഷി പരിഗണിക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അടുത്ത 50 ശതമാനം സീറ്റില്‍ കോളേജ് നടത്തിക്കൊണ്ടുപോകാനുള്ള വരുമാനം ലഭിക്കുന്ന വിധത്തില്‍ ഉയര്‍ന്ന ഫീസ് നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും ഇതില്‍ 15 ശതമാനം എന്‍ ആര്‍ ഐ ഫീസ് ആയിരിക്കും.
ഫീസ് നിശ്ചയിക്കുന്ന സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുപുറമെ മാനേജ്മെന്റിന്റെയും പ്രിന്‍സിപ്പല്‍ മാരുടെയും പ്രതിനിധികള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവര്‍ ഉണ്ടാകും. കെ.ടി തോമസ് കമ്മിഷന്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ഫീസിനെക്കാള്‍ തുക വര്‍ധിക്കാനാണ് സാധ്യത.
ഈ 50ശതമാനം സീറ്റിലേയ്ക്ക് മാനേജ്മെന്റുകള്‍ക്കു പ്രവേശനം നടത്താം. സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നടത്തണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.
ഇപ്പോള്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ അവസരം നിഷേധിക്കപ്പെട്ടവര്‍ക്കായി മറ്റൊരു പരീക്ഷ സര്‍ക്കാര്‍ നടത്തിയാല്‍ മതിയെന്ന എന്‍ജിനീയറിംഗ് കോളേജ് മാനേജ്മെന്റുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വാശ്രയ കോളേജുകളിലെ പ്രവേശനവും മറ്റും നിരീക്ഷിക്കുന്നതിനു റിട്ട. ഹൈക്കോടതി ജഡ്ജിയോ സുപ്രിം കോടതി ജഡ്ജിയോ അധ്യക്ഷനായി സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നത തലസമിതിയെ നിയോഗിക്കും.
സ്വാശ്രയ നിയമത്തില്‍ പറയുന്ന സംവരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയായിരിക്കും ഇവരുടെ പ്രധാനകടമ. സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കു നേതൃത്വം നല്‍കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരും പ്രവേശനപരീക്ഷാ കമ്മിഷണറും മറ്റും അടങ്ങുന്ന മറ്റൊരു സമിതിയും നിലവില്‍ വരും.
സ്വാശ്രയ കോളേജുകള്‍ക്ക്മേല്‍ സര്‍വ്വകലാശാലകളുടെ നിയന്ത്രണം ഉറപ്പാക്കുന്നതിനുവേണ്ടി ഞായറാഴ്ച വൈസ് ചാന്‍സലര്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് എന്‍ജിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി പ്രത്യേക ചര്‍ച്ചയാണ് വിദ്യാഭ്യാസ മന്ത്രി നടത്തിയത്. സ്വാശ്രയ കോളേജ് മാനേജ്മെന്റുകളോടു കാര്യങ്ങള്‍ പറഞ്ഞ് അംഗീകരിപ്പിച്ചശേഷം നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മന്ത്രി എം.എ ബേബി ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു.
ഇടതുമുന്നണിയുടെ കാഴ്ചപ്പാട് അനുസരിച്ചുള്ള നിബന്ധനകളോടു സഹകരിക്കാന്‍ തയാറാകണമെന്ന്ു താന്‍ മാനേജ്മെന്റുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാനേജ്മെന്റുകളെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications