പൂച്ചെണ്ടിന് പകരം പുസ്തകം നല്‍കും: മന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിലെയും സ്കൂളുകളിലെയും പൊതുചടങ്ങില്‍ അതിഥികളെ ആദരിക്കുന്നതിനും സ്വാഗതം ചെയ്യുന്നതിനും ഇനിമുതല്‍ പൂച്ചെണ്ടിനു പകരം പുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം. എ ബേബി അറിയിച്ചു.
നല്ലയിനം ബൊക്കെകള്‍ക്ക് നൂറുരൂപയിലേറെ വിലയുണ്ട്. മിക്ക ചടങ്ങുകളിലും അഞ്ചില്‍ കൂടുതല്‍ എണ്ണം ആവശ്യമായി വരാറുമുണ്ട്. അപ്പോഴത്തെ ആവശ്യത്തിനല്ലാതെ കൂടുതല്‍ ബൊക്കകളും സൂക്ഷിച്ചുവെയ്ക്കാന്‍ പറ്റാത്തവയാണ്. എന്നാല്‍ ഇതേ കാശുകൊണ്ട് നല്ല പുസ്തകങ്ങള്‍ വാങ്ങി നല്‍കിയാല്‍ ലഭിക്കുന്നയാള്‍ക്ക് അത് സൂക്ഷിച്ചുവെയ്ക്കാനും ഉപയോഗപ്പെടുത്താനും കഴിയും. അതില്‍ വ്യത്യസ്തതയുമുണ്ട്- മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന പി.എന്‍ പണിക്കരുടെ അനുസ്മരണാര്‍ത്ഥം ജൂണ്‍ 19 തങ്കളാഴ്ച സംസ്ഥാനത്ത് വായനാദിനമായും19മുതല്‍ 25വരെ വായനാ വാരമായി ആചരിക്കാന്‍ സര്‍ക്കാറും പി. എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും 19ന് പ്രത്യേക അസംബ്ലി, വിശിഷ്ട ഗ്രന്ഥ പാരായണം, പ്രഭാഷണം എന്നിവ സംഘടിപ്പിക്കും. സ്കൂള്‍ ലൈബ്രറികള്‍ കേന്ദ്രീകരിച്ച് ഇക്കൊല്ലം മുതല്‍ ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങും.
ആറ്റിങ്ങല്‍ , കാഞ്ഞങ്ങാട് ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പദ്ധതി തുടങ്ങുക. അരുവിക്കര സ്കൂളില്‍ 26ന് പദ്ധിതിയുടെ ഉദ്ഘാടനം നടക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായനകുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വാരാചരണത്തിന് ഏറെ പ്രസക്തിയുണ്ട്- മന്ത്രി പറഞ്ഞു.
19മുതലുള്ള വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം രാവിലെ പത്തിന് ടാഗോര്‍ തിയേറ്ററില്‍ വിദ്യാഭ്യാസ മന്ത്രി നിര്‍വ്വഹിക്കും.












Click it and Unblock the Notifications