വി എസ് അനൂകൂല തരംഗം അന്വേഷിക്കാന്‍ കമ്മിഷന്‍
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ സംസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഞായറാഴ്ച അവസാനിച്ച പാര്‍ട്ടി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള മുന്നംഗ സമിതിയെയാണ് അന്വേഷണം നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. വി.എസിന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകര്‍ക്കുണ്ടായ പ്രചോദനമാണ് പ്രധാന അന്വേഷണ വിഷയം.
മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തിലെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത്, ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മിഷനുകള്‍ക്കു പുറമെ വീണ്ടും കമ്മിഷനെ നിയോഗിക്കുന്നതിനെ വി.എസ് പക്ഷക്കാര്‍ ചര്‍ച്ചയില്‍ എതിര്‍ത്തു.
പാര്‍ട്ടി കേന്ദ്രകമ്മറ്റി തന്നെ വിലയിരുത്തല്‍ നടത്തിയ വിഷയം വീണ്ടും അന്വേഷിക്കുന്നത് സംഘടനാ വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഈ അഭിപ്രായത്തോട് പിണറായി പക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു. പാര്‍ട്ടിക്കാരല്ലാത്ത പലരുമാണ് ഇത്തരം പ്രകടനങ്ങള്‍ നടത്തിയതെന്നും അതന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നുമാണ് പിണറായി പക്ഷക്കാരുടെ അഭിപ്രായം.
പുതുതായി മന്ത്രിമാരായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് അവരുടെ സംഘടനാ ചുമതലകളില്‍ ഇളവ് നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ചിലരുടെ ചുമതലകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എസ് എഫ് ഐയുടെ ചുമതല കോടിയേരി ബാലകൃഷ്ണന് പകരം ഇ.പി ജയരാജനാണ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാറിനു കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളുടെ വിഭജനം, ചുമതലക്കാരെ നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വന്നില്ല. ഇത് അടുത്ത നിയമസഭാ സമിതി യോഗത്തില്‍ തീരുമാനിക്കും. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ നടന്ന കേന്ദ്ര കമ്മറ്റി യോഗം കൈക്കൊണ്ട നടപടികളും സംസ്ഥാന സമിതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.












Click it and Unblock the Notifications