ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി
തിരുവനന്തപുരം: ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഓട്ടോയിലെത്തിയ അജ്ഞാതര്‍ കുത്തിക്കൊപ്പെടുത്തിയതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ. മുട്ടത്തറ ആശാനഗറില്‍ ആശാഭവനില്‍ അജി(26)യെയാണ് ഞായറാഴ്ച രാത്രി അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തിയത്.
അജിയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുമാറിനും വെട്ടേറ്റിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സ്ഥലത്ത് കനത്ത പൊലീസ് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഞായറാഴ്ച രാത്രി 9.30ന് പൊന്നറ സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്. ഈ സംഭവം നടക്കുന്നതിനു മുമ്പ് അജിയുടെ വീടിന് മുന്നില്‍ വെച്ച് പൂജപ്പുര സ്വദേശിയായ ഒരു യുവാവിനെ ഓട്ടോയിലെത്തിയ ഇതേ സംഘം ഇതേപോലെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
സംഭവം കണ്ട അജി അവരെ തടയാനായി എത്തിയെങ്കിലും സംഘം ഓട്ടോയില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടാനായി കുമാറും അജിയും സ്കൂട്ടറില്‍ സംഘത്തിന്റെ വാഹനത്തെ പിന്തുടര്‍ന്നു.
പൊന്നറ സ്കൂളിന് മുന്നില്‍ വെച്ച് അജിയും കുമാറും ഓട്ടോ തടഞ്ഞു നിര്‍ത്തി. അപ്പോഴേക്കും ഓട്ടോയിലുണ്ടായിരുന്നവര്‍ അജിയെ കുത്തിവീഴ്ത്തുകയും കുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായി പരുക്കേറ്റ അജി സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പരിക്കേറ്റ കുമാറിനെ മെഡക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അജിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതറിഞ്ഞ് ആശുപത്രിക്കുമുന്നില്‍ തടിച്ചുകൂടിയ അര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റുചെയ്ത് നീക്കിയത് സംഘര്‍ഷത്തിനിടയാക്കി. ആശുപത്രിയിലും സംഭവം നടന്ന പൊന്നറയിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications