ആക്രമണ ശ്രമത്തിനിടയില്‍ യുവാവിന് പരുക്ക്
മാഹി: വീടിന് നേരെ ആക്രമണം നടത്താനെത്തിയ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ഗുണ്ട് പൊട്ടി കൈപ്പത്തിയറ്റു. ചൊക്ലി കാട്ടില്‍ പീടികയില്‍ അഹമ്മദിന്റെ മകന്‍ ഷക്കീലിന്റെ(27)വലതുകൈപ്പത്തിയാണ് സ്ഫോടനത്തില്‍ ചിതറിപ്പോയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.45ന് ഈസ്റ് പള്ളൂര്‍ ലജീഷ് നിവാസില്‍ എ.കെ ലക്ഷ്മണന്റെ വീടിനുനേരെയാണ് ഒരു സംഘമാളുകള്‍ ആക്രമണം നടത്തന്‍ തുനിഞ്ഞത്. ഈ സംഘത്തിലെ അംഗമാണ് ഷക്കീല്‍ എന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ താമസക്കാരുണ്ടായിരുന്നില്ല. സ്ഫോടന ശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്ന് ഓടിയെത്തിയപ്പോള്‍ വീട്ടുമുറ്റത്ത് വിരലുകളും മാംസവും ചിതറിക്കിടക്കുന്നത് കാണുകയായിരുന്നു. വീടിന്റെ മുന്‍ വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.
സ്ഫോടനം നടന്ന ഉടന്‍ തന്നെ ഷക്കീലിനെയും കൊണ്ട് കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു. പീന്നീട് നടത്തിയ അന്വേഷണത്തിലാണ് ചികിത്സക്കായി ഷക്കീലിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞത്.
ആശുപത്രിയിലെത്തിയ പൊലീസ് രണ്ടുപേരെ കസ്റഡിയിലെടുത്തിട്ടുണ്ട്. ചിതറിപ്പോയ കൈപ്പത്തി തുന്നിക്കൂട്ടാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉഗ്രശക്തിയുള്ള ഗുണ്ട് ഇനത്തില്‍പ്പെട്ട തിരിയുള്ള പടക്കമാണ് ഷക്കീലിന്റെ കയ്യിലിരുന്നു പൊട്ടിയത്.
സംഭവം നടന്ന വീട്ടിലെ ലക്ഷ്മണന്റെ മകന്‍ ലജീഷ് കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു. വിവാഹിതയായ പെണ്‍കുട്ടിയുടെ ബന്ധുവാണ് ഷക്കീല്‍. വിവാഹത്തെ തുടര്‍ന്നുണ്ടായ ചില പ്രശ്നങ്ങളാണ് ആക്രമണത്തിനു പ്രേരണയായതെന്ന് കരുതുന്നു.












Click it and Unblock the Notifications