വീടും സ്ഥലവും ദമ്പതികള്‍ സിപിഎമ്മിന് നല്‍കി
മലപ്പുറം: കൊണ്ടോട്ടിയിലെ പായമ്പ്രോത്ത് റസാഖിനും ഭാര്യ ഷീജയ്ക്കും തങ്ങളുടെ വീട് ഇഎംഎസ് അക്കാദമിയായി കാണാനാണ് ആഗ്രഹം. അതിനായി അവര്‍ തങ്ങളുടെ വീടും എട്ട് സെന്റ് സ്ഥലവും സിപിഎമ്മിന് സംഭാവന ചെയ്തു.
ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകരോ പാര്‍ട്ടി അംഗങ്ങളോ അല്ല. എങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അയച്ച കത്തില്‍ ആറ് ലക്ഷത്തോളം രൂപ വില വരുന്ന എട്ട് സെന്റ് സ്ഥലവും രണ്ടു നില വീടും പാര്‍ട്ടിക്ക് നല്‍കാനാണ് തങ്ങളുടെ ആഗ്രഹമെന്ന് ഇരുവരും അറിയിച്ചു.
വീടും അതിനകത്തുള്ള ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഭാവി തലമുറയ്ക്കായി ഉപയോഗിക്കണമെന്നാണ് കത്തിലെ അപേക്ഷ. തങ്ങളുടെ ആഗ്രഹം സിപിഎം ജില്ലാ, പ്രാദേശിക നേതാക്കളെയും അറിയിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ വീടും പുരയിടവും രജിസ്റര്‍ ചെയ്യണമെന്നാണ് കത്തില്‍ ഇരുവരും പാര്‍ട്ടി സെക്രട്ടരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വീടും സ്ഥലവും തങ്ങളുടെ മരണത്തിനു ശേഷം ഇ.എം.എസ് സ്മാരകമാക്കുന്നതിനായി സംഭാവന ചെയ്യാനായിരുന്നു റസാഖും ഷീജയും നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ കേന്ദ്രമായി തങ്ങളുടെ വീട് ഇ.എം.എസ് അക്കാദമിയുടെ ഒരു പ്രാദേശിക കേന്ദ്രമായി കാണണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് റസാഖ് പറഞ്ഞു.
ഇ.എം.എസിന്റെ പത്താം ചരമവാര്‍ഷികമായ 2007 മാര്‍ച്ച് 19ന് ഇ.എം.എസ് സ്മാരകത്തിന്റെ ഉദ്ഘാടനം നടത്തമെന്നാണ് ഇരുവരുടെയും ആഗ്രഹം.












Click it and Unblock the Notifications