ഐസകിന്റെ പ്രഖ്യാപനം വി.എസ് തിരുത്തി
തിരുവനന്തപുരം: എംഎല്‍എ ഫണ്ട് വെട്ടിക്കുറച്ചെന്ന ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ നിയമസഭയിലെ പ്രഖ്യാപനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തിരുത്തി. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് ഒരു പൈസ പോലും കുറയ്ക്കില്ലെന്ന വി.എസിന്റെ പ്രഖ്യാപനം പ്രതിപക്ഷം കൈയടിയോടെയാണ് എതിരേറ്റത്.
എംഎല്‍എ ഫണ്ട് കുറച്ചതിനെ ചൊല്ലി പ്രതിപക്ഷവും ധനമന്ത്രിയും തമ്മില്‍ ശക്തമായ വാദപ്രതിവാദമുണ്ടായി. എംഎല്‍എ ഫണ്ട് കുറച്ച നടപടി ശരിയല്ലെന്നും ഇതില്‍ സ്പീക്കര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ധനമന്ത്രി ഇത് സര്‍ക്കാര്‍ തീരുമാനമാണെന്ന് പറഞ്ഞ് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍ ചര്‍ച്ചയ്ക്കൊടുവില്‍ എംഎല്‍എ ഫണ്ടില്‍ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് വി.എസ് പറഞ്ഞത് അതുവരെ പ്രതിപക്ഷത്തിനെതിരെ ചെറുത്തുനിന്ന ധനമന്ത്രിക്ക് കനത്തയടിയായി.
ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക്കിന്റെ ഉപദേശ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ മുന്‍ഗണനാക്രമം നിശ്ചയിച്ചതെന്ന് വി.എസ് പറയുക കൂടി ചെയ്തത് സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വിഭിന്നത സഭയിലും പ്രത്യക്ഷമാവുന്നുവെന്നതിന് സൂചനയായി. വി.എസ് ഇങ്ങനെ പറഞ്ഞപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ ഐസക്കിനെ നോക്കി ആര്‍ത്തുചിരിക്കുകയായിരുന്നു.












Click it and Unblock the Notifications