സംസ്ഥാനത്തെ ഗുണ്ടാനിയമം റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടാനിയമം റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. ശനിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന 19 ഓര്‍ഡിനന്‍സുകള്‍ ഈമാസം അഞ്ചിന് കാലഹരണപ്പെടും. അതിനാല്‍ ഇതില്‍ ഭരണപരമായി ആവശ്യമെന്ന് തോന്നുന്ന 12 ഓര്‍ഡിനന്‍സുകള്‍ സ്വീകരിക്കാനും ഏഴെണ്ണം നിരാകരിക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു.
ഗുണ്ടാനിയമം നടപ്പാക്കാന്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ്, മനുഷ്യാവകാശ ഭേദഗതി ഓര്‍ഡിനന്‍സ്, പഞ്ചായത്ത് രാജ് ഓര്‍ഡിനന്‍സ്, കേരള സ്പോര്‍ട്സ് ഓര്‍ഡിനന്‍സ്, ലോക്കല്‍ അതോറിറ്റീസ് ഓര്‍ഡിനന്‍സ് എന്നിവ അടക്കം ഏഴ് ഓര്‍ഡിനന്‍സുകളാണ് വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചത്.
സ്വീകരിക്കാന്‍ തീരുമാനിച്ച 12 ഓര്‍ഡിനന്‍സുകളില്‍ പ്രധാനപ്പെട്ട റവന്യൂ റിക്കവറി ഓര്‍ഡിനന്‍സ്, അര്‍ദ്ധപലിശ ജന്മി ഭൂഭോഗ ഓര്‍ഡിനന്‍സ്, പബ്ലിക്ക് അക്കൗണ്ട് ഭേദഗതി ഓര്‍ഡിനന്‍സ് തുടങ്ങിയവയാണ്.
സ്വാശ്രയ ബില്ല് സംബന്ധിച്ച ഏതൊരു തരത്തിലുളള തര്‍ക്കമോ ആശയകുഴപ്പമോ ഇടതുമുന്നണിയില്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മാനേജ്മെന്റുകളുമായി സമവായം ഉണ്ടാക്കാന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ഇപ്പോഴും ശ്രമം നടത്തുന്നുണ്ട്.
കേരളത്തില്‍ വ്യവസായം നടത്താന്‍ താത്പര്യമുള്ള ഏത് സ്വകാര്യകമ്പനി ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. അവരുടെ വ്യവസ്ഥകള്‍ സംസ്ഥാനസര്‍ക്കാരിന് സ്വീകരിക്കാന്‍ പറ്റുന്നവയാണെങ്കില്‍ അവര്‍ക്ക് ഇവിടെ നിക്ഷേപം നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications