മീരയുടെ ക്ഷേത്രദര്‍ശനം വിവാദമാകുന്നു
തളിപ്പറമ്പ്(കണ്ണൂര്‍): കന്നഡ സിനിമാതാരം ജയമാല ശബരിമലയിലെ അയ്യപ്പ വിഗ്രഹം തൊട്ടുവെന്ന വിവാദത്തിനു പിന്നാലെ നടി മീരാ ജാസ്മിന്‍ ക്ഷേത്ര ദര്‍ശനം നടത്തിയതും വിവാദമാകുന്നു.
പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലാണു മീരാജാസ്മിന്‍ ദര്‍ശനം നടത്തിയത്. അഹിന്ദുക്കള്‍ക്കു പ്രവേശനം അനുവദിക്കാത്ത ക്ഷേത്രത്തില്‍ ക്രൈസ്തവ സമുദായാംഗമായ മീരാ ജാസ്മിന്‍ പ്രവേശിച്ചതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്.
ഒരു ചലച്ചിത്ര നിര്‍മാതാവിന്റെ കൂടെ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് മീര ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച മീര ശ്രീകോവിലിന്റെ തൃപ്പടിയില്‍ നെയ്യമൃതു വച്ചു വണങ്ങി. അവര്‍ ദര്‍ശനം നടത്തി പുറത്തേക്കിറങ്ങുമ്പോഴാണ് ക്ഷേത്ര ജീവനക്കാരും കാവല്‍ക്കാരും നടിയെ തിരിച്ചറിഞ്ഞത്.
അഹിന്ദുക്കള്‍ക്കു ക്ഷേത്രത്തില്‍ കയറാന്‍ അനുവാദമില്ലെന്നു പറഞ്ഞപ്പോള്‍ മീര മതം മാറി ഹിന്ദുവായെന്നു നിര്‍മ്മാതാവു പറഞ്ഞതായി ജീവനക്കാര്‍ സൂചിപ്പിച്ചു. അപ്പോള്‍ത്തന്നെ അവര്‍ അവിടെനിന്നും പോവുകയുമായിരുന്നു.
ഉദ്ദിഷ്ട കാര്യ ലബ്ധിക്കായി നടത്തുന്ന പൊന്നും കുടം വെച്ചു തൊഴാനാണ് മീര ക്ഷേത്രത്തിലെത്തിയത്. മീര വിശാഖം നക്ഷത്രം എന്ന പേരില്‍ നേര്‍ന്ന പൊന്നും കുടവുമായി മറ്റൊരു സ്ത്രീയാണ്് ആദ്യം ക്ഷേത്രത്തിനകത്തു പോയത്. പൊന്നും കുടം സമര്‍പ്പിച്ച് ഇവര്‍ തിരിച്ചിറങ്ങുകയും ഉടന്‍ നിര്‍മാതാവുമൊത്ത് മീര അകത്തു കടക്കുകയുമായിരുന്നു.
കര്‍ശനമായ ചിട്ടകളുള്ള രാജരാജേശ്വര ക്ഷേത്രത്തില്‍ അത്താഴപൂജ കഴിഞ്ഞു രാത്രി എട്ടുമണിക്കു ശേഷമേ സ്ത്രീകള്‍ക്ക് അകത്ത് ദര്‍ശനം നടത്താന്‍ അനുവാദമുള്ളു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇത്തരത്തില്‍ ഇവിടെയെത്തി ദര്‍ശനം നടത്തിയിരുന്നു.
മുന്‍പും മീരാ ജാസ്മിന്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നെങ്കിലും അകത്തു പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. വ്യാഴാഴ്ച രാത്രി കനത്ത മഴയായതിനാലും മീര എന്നു മാത്രം പേര്‍ നല്‍കിയതുകൊണ്ടുമാണ് ക്ഷേത്രജീവനക്കാര്‍ ഇവരെ തിരിച്ചറിയാതെ പോയത്.
ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാതെയാണ് നടി ഉള്ളില്‍ പ്രവേശിച്ചതെന്നു ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ഇ.പി ഹരിജയന്തന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. അഹിന്ദു ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാല്‍ പുണ്യാഹവും പ്രത്യേക ശുദ്ധികലശവും നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications