എഐഐഎംഎസ് ഡയറക്ടര്‍ വേണുഗോപാലിനെ പുറത്താക്കി
ദില്ലി: ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്) ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഡോ. പി.വേണുഗോപാലിനെ പുറത്താക്കി. കേന്ദ്ര ആരോഗ്യമന്ത്രി എ.രാംദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എഐഐഎംഎസ് ഭരണസമിതിയാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്.
ചട്ടലംഘനം ആരോപിച്ചാണ് വേണുഗോപാലിനെ പുറത്താക്കിയത്. ബുധനാഴ്ച ചേര്‍ന്ന മൂന്നു മണിക്കൂര്‍ നീണ്ട 17 അംഗ സമിതി യോഗമാണ് വേണുഗോപാലിനെ പുറത്താക്കുന്ന പ്രമേയം പാസാക്കിയത്. മൂന്ന് അംഗങ്ങള്‍ പ്രമേയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന് ബിജെപി നേതാവ് വി.കെ.മല്‍ഹോത്ര പറഞ്ഞു.
വേണുഗോപാലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എഐഐഎംഎസിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. വിദ്യാര്‍ഥി യൂണിയനും ജോലിക്കാരുടെ യൂണിയനും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡന്റ് ഡോക്ടര്‍മാരും സമരത്തിലായതോടെ അവശ്യസര്‍വീസുകള്‍ മുടങ്ങി.
രാംദാസും വേണുഗോപാലും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് പുറത്താക്കലില്‍ കലാശിച്ചത്. സംവരണ സമരം മുതലാണ് ഭിന്നത രൂക്ഷമായത്. എഐഐഎംഎസ് ഭരണസമിതി ചെയര്‍മാനായ രാംദാസ് സ്ഥാപനത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വേണുഗോപാലും മറ്റ് ഡോക്ടര്‍മാരും ആരോപിച്ചിരുന്നു.
1994ല്‍ ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് വേണുഗോപാലാണ്. 1998ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കിയിരുന്നു.












Click it and Unblock the Notifications