ബിനീഷിനു ജാമ്യം; വാറന്റ് ഹാജരാക്കിയില്ല
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കു ജാമ്യം കിട്ടുന്നതിനായി പത്തോളം കേസുകളില്‍ അറസ്റ് വാറണ്ടുള്ള വിവരം പൊലീസ് കോടതിയില്‍ മറച്ചുവെച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എസ് എഫ് ഐ നേതാവ് സിന്ധു ജോയിയെ അറസ്റുചെയ്തപ്പോള്‍ വാറന്റുകള്‍ കൂട്ടത്തോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് വിരുദ്ധമായ നിലപാടാണ് പൊലീസ് കൈകൊണ്ടത്.
പൊലീസിനെ ആക്രമിച്ച കേസില്‍ ജില്ലാ കോടതിയില്‍ കഴിഞ്ഞ ദിവസം ബിനീഷന്റ ജാമ്യാപേക്ഷ എത്തിയപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല.
രണ്ടാഴ്ച മുമ്പാണ് ബിനീഷ് പിടികിട്ടാപ്പുള്ളിയാണെന്ന് മ്യൂസിയം പൊലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചത്. മന്ത്രിയുടെ മകന് പ്രത്യേക നിയമമുണ്ടോയെന്ന് ചോദിച്ച കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് പ്രോസിക്യൂഷന്‍ സമ്മതത്തോടെ ജില്ലാകോടതിയില്‍ നിന്നും ബിനീഷ് മുന്‍കൂര്‍ ജാമ്യം നേടിയത്. സാധാരണ പല കേസുകളില്‍ വാറന്റുള്ള പ്രതികള്‍ ഏതെങ്കിലും ഒരു കേസില്‍ മൂന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചാല്‍ മറ്റുകേസുകളിലും വാറന്റുള്ള വിവരം പൊലീസ് കോടതിയെ അറിയിക്കേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷ ശക്തമായി എതിര്‍ക്കുകയും ചെയ്യും. ബീനീഷിന്റെ കാര്യത്തില്‍ ഇതു രണ്ടും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ബിനീഷ് ജാമ്യം എടുത്താന്‍ എത്തിയപ്പോഴും വാറന്റുള്ളകാര്യം പൊലീസ് അറിയിച്ചില്ല.
മ്യൂസിയം , കന്റോണ്‍മെന്റ് സ്റേഷനുകളിലാണ് ഈ കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടത്തെഉദ്യോഗസ്ഥരാണ് വാറന്റുള്ള കാര്യം കോടതിയെ അറിയിക്കേണ്ടിയിരുന്നത്.
വാറന്റുള്ള പത്തുകേസുകളില്‍ നാലെണ്ണത്തില്‍ കൊലപാതക ശ്രമവും മറ്റുള്ളവയില്‍ പൊതുമുതല്‍ നശീകരണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളുമാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ബിനീഷിനെതിരെ 18കേസുകളാണ് നഗരത്തില്‍ മാത്രം രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
ജില്ലാ കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം പരിശോധിച്ച മജിസ്ട്രേട്ട് കോടതി പൊലീസ് നല്‍കിയ ക്രൈം നമ്പര്‍ ശരിയല്ലെന്നു കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജാമ്യമില്ലെന്നു വ്യക്തമാക്കിയ കോടതി ബിനീഷിനെ റിമാന്റു ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കി.
ക്രൈം നമ്പര്‍ മാറിയത് ക്ലാര്‍ക്കിനു പറ്റിയ പിശകാണെന്നും അരമണിക്കൂര്‍ അനുവദിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകന്‍ അപേക്ഷിച്ചതോടെ കോടതി സമയം അനുവദിച്ചു. വൈകുന്നേരത്തോടെ യഥാര്‍ത്ഥ ക്രൈം നമ്പര്‍ എഴുതിയ മുന്‍കൂര്‍ ജാമ്യ ഉത്തരവു ഹാജരാക്കി.
തുടര്‍ന്നാണ് കോടതി ജാമ്യം നല്‍കിയത്. അതേസമയം കോടതി പ്രതിയെ റിമാന്റുചെയ്യുന്ന വേളയില്‍ മാത്രമേ പൊലീസ് മറ്റു കേസുകളിലെ വാറന്റ് റിപ്പോര്‍ട്ട് കോടതിക്കു നല്‍കുകയുള്ളുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാം പറഞ്ഞു.
ഇതിനിടെ വാറന്റുള്ള എട്ടുകേസുകളില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ജാമ്യമെടുക്കാന്‍ ബനിഷ് ബുധനാഴ്ച ഹാജരാകുമെന്നറിയുന്നു.












Click it and Unblock the Notifications