ജയമാലയെ അറസ്റ് ചെയ്യണം: ഫെഡറേഷന്‍
തിരുവനന്തപുരം: ശബരിമലക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്നും അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവെന്നുമുള്ള കന്നഡ നടി ജയമാലയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ക്ഷേത്രത്തില്‍ പ്രവേശിച്ചതും വിഗ്രഹത്തില്‍ തൊട്ടതും തെറ്റാണെന്നും അതിന് എന്തുശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും ജയമാലതന്നെ പറഞ്ഞ സ്ഥിതിയ്ക്ക് അവരെ അറസ്റുചെയ്യാനും അന്വേഷണം നടത്താനും ഉത്തരവിടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ആര്‍. ഷാജി ശര്‍മ പറഞ്ഞു.
ലോകമൊട്ടുക്കും പ്രശസ്തമായ ഇത്തരമൊരു ആരാധനാലയത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുകയും അതിനെപ്പറ്റി അപശ്രുതി പരത്തുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ സാധ്യമല്ല.
ദേവസ്വം ബോര്‍ഡിനുകീഴിലുള്ള രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണം കൊണ്ടുമാത്രം നടിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല. ശബരിമലയുടെ പ്രശസ്തി നശിപ്പിക്കാനായി ചില അന്യസംസ്ഥാന ലോബികളുടെ പ്രവര്‍ത്തനവും ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമലയില്‍ ഈയിടെ ദേവപ്രശ്നം നടത്തിയ ജ്യോത്സ്യന്‍ ഉണ്ണികൃഷ്ണനും ജയമാലയും തമ്മിലുള്ള ഗൂഡാലോചനയുടെ ഭാഗമാണോ അവരുടെ വെളിപ്പെടുത്തലെന്നും സംശയമുണ്ട്.-ശര്‍മ പറഞ്ഞു.
സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പങ്കാളിത്തമില്ലാതെ വിദഗ്ദ്ധരായ ജ്യോതിഷികളുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തില്‍ വീണ്ടും ദേവ പ്രശ്നം നടത്തണന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications