കടലില്‍ കാണാതായ പൂജാരിമാരെ കണ്ടെത്തിയില്ല
തിരുവനന്തപുരം: ആറാട്ട് ചടങ്ങിനിടെ വിഴിഞ്ഞം മൂല്ലൂരില്‍ കടലില്‍ കാണാതായ പൂജാരിമാരെ കണ്ടെത്താനുള്ളശ്രമങ്ങള്‍ പരാജയപ്പെട്ടു.
തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനായി കൊച്ചിയില്‍ നിന്നും തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ ശനിയാഴ്ച രാവിലെ എത്തിയിട്ടുണ്ട്. മറൈന്‍ എഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് ഹെലികോപ്റ്റര്‍ എത്തിച്ചത്.
തീരസംരക്ഷണ സേനയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച തിരച്ചില്‍ പുനരാരംഭിച്ചത്. സഹായത്തിനായി കൊച്ചിയില്‍ നിന്നും നാവികസേനാംഗങ്ങളും എത്തിയിട്ടുണ്ട്. ഇന്നും ഇവരെ കണ്ടെത്താനായില്ലെങ്കില്‍ തിരച്ചില്‍ നിര്‍ത്തിയേക്കുമെന്നാണ് സൂചന.
മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോവളത്തെ ലൈഫ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിവരെ തിച്ചില്‍ നടത്തിയിരുന്നു.
വിഴിഞ്ഞം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും മറൈന്‍ എന്‍ഫോഴ്സ് മെന്റിന്റെ നേതൃത്വത്തില്‍ രണ്ടു പെട്രോള്‍ ബോട്ടുകളും വാടകയ്ക്കെടുത്ത രണ്ട് വള്ളങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.
കൂറ്റന്‍ തിരമാലയടിച്ചതിനെത്തുടര്‍ന്നാണ് ഇരുവരും കടിലില്‍ വീണത്. കാണാതായ പ്രദേശവും പരിസരവും കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ തിരച്ചില്‍. കടല്‍ ക്ഷോഭിച്ചിരിക്കുന്നതും ശക്തമായ അടിയൊഴുക്കും കാരണം തിരച്ചില്‍ പലപ്പോഴും തടസ്സപ്പെട്ടു.
കാണാതായവരെക്കുറിച്ച് കന്യാകുമാരി കലക്ടര്‍ക്കും വിവരം നല്‍കിയിട്ടുണ്ട്. തൂത്തുക്കുടിയില്‍ നിന്നും എയര്‍ഫോഴ്സിന്റെ സഹായം ലഭ്യമാക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.
വിഴിഞ്ഞം മല്ലൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചു നടന്ന ആറാട്ട് ചടങ്ങുകള്‍ക്കിടയിലാണ് പൂജാരി രാജേഷിനെയും സഹായി വിദ്യാധരനെയും കടലില്‍ കാണാതായത്.


Click it and Unblock the Notifications