കിളിരൂര്‍ കേസ് പുനരന്വേഷിക്കണം: കോടതി
കൊച്ചി: കിളിരൂര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സിബിഐക്ക് ഉത്തരവ് നല്‍കി. കേസില്‍ സിബിഐ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും ഔപചാരികമായ അന്വേഷണം മാത്രമേ സി.ബി.ഐ നടത്തിയിട്ടുള്ളവെന്ന് ബോധ്യമായെന്നും കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കോടതി പറഞ്ഞു.
പീഡനത്തിനിരയായ ശാരി എസ്.നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഒന്നാം പ്രതി ലതാനായര്‍ ഒരു ടോണിക്ക് നല്‍കിയിരുന്നതായി ശാരിയുടെ പിതാവ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതേ കുറിച്ച് സിബിഐ അന്വേഷണം നടത്തിയിട്ടില്ല. ലതാനായരുടെ മൊഴി അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് സംശയം ഉളവാക്കുന്നതാണ്.
പ്രതികളുടെ വിരുദ്ധങ്ങളായ മൊഴികളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ശാരിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തെക്കുറിച്ചും സിബിഐ അന്വേഷിച്ചിട്ടില്ല.
ലതാനായര്‍ ശാരിക്ക് നല്‍കിയിരുന്ന മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചിട്ടില്ല. ശാരിയെ പോലൊരു പെണ്‍കുട്ടിക്ക് എങ്ങനെ 35,000 രൂപയുടെ ടെലഫോണ്‍ ബില്ല് വന്നുവെന്നും സി.ബി.ഐ അന്വേഷിച്ചിട്ടില്ല. ശാരിയുടെ രക്തത്തില്‍ കൂടിയ അളവില്‍ ചെമ്പിന്റെ അംശം കണ്ടെതിനെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.












Click it and Unblock the Notifications