സ്വാശ്രയ നിയമം: ബുധനാഴ്ച വാദം കേള്‍ക്കും
കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനെതിരെ മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
സംസ്ഥാനസര്‍ക്കാര്‍ പാസ്സാക്കിയ സ്വാശ്രയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കാണിച്ചാണ് രണ്ട് നഴ്സിംഗ് കോളജുകളും സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് അസോസിയേഷനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ കാലാകാലങ്ങളില്‍ വന്നിട്ടുള്ള സുപ്രീംകോടതി വിധി കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്ന് കാണിച്ചാണ് ഹൈക്കോടതി കേസ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്.
കേസില്‍ കക്ഷി ചേരാന്‍ എസ്എഫ്ഐ, കെഎസ്ടിഎ, എറണാകുളം ജില്ലാ ഫ്രീഡം ഫൈറ്റേഴ്സ് എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. ഇതും ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.
സുപ്രീംകോടതി വിധി ഹാജരാക്കാനും മാനേജ്മെന്റുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറലാണ് ഹാജരായത്. നേരത്തെ മാനേജ്മെന്റുകള്‍ നിയമസഭ പാസാക്കിയ സ്വാശ്രയ നിയമം സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഹൈക്കോടതിയെ സമീപിക്കാമെന്ന് മാനേജ്മെന്റുകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.