ലയിക്കാന്‍ കോണ്‍ഗ്രസിന് എന്ത് മഹത്വം?: മുരളി
കോഴിക്കോട്: ഡിഐസി ലയിക്കാന്‍ മാത്രം കോണ്‍ഗ്രസിന് എന്ത് മഹത്വമാണുള്ളതെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍. ചതിക്കുഴിയില്‍ വീണാല്‍ എല്ലാ കാലത്തും അതില്‍ കിടക്കേണ്ട കാര്യമില്ലെന്നും പൊടിയും തട്ടി എഴുന്നേറ്റ് പോകാനാണ് ഡിഐസി നോക്കുന്നതെന്നും മുരളി പറഞ്ഞു.
കോഴിക്കോട് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മുരളി. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ എതിര്‍ത്തിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ഡിഐസി തീരുമാനിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. ഇനി ഒരു പാര്‍ട്ടിയുമായും ലയനമില്ല. അവസാന പ്രവര്‍ത്തകനും പാര്‍ട്ടി വിട്ടുപോകുന്നതു വരെ ഡിഐസി ഉണ്ടാകും.
ഡിഐസി സ്വതന്ത്ര പാര്‍ട്ടിയായി തുടരും. മൂന്നാ മുന്നണി രൂപപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഡിഐസി അതിന്റെ ഭാഗമായിരിക്കും.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരിതാപകരമായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടിട്ടും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ആത്മാഭിമാനമുള്ള ആരും ആ പാര്‍ട്ടിയില്‍ ചേരില്ല. കേരളത്തില്‍ മാത്രമല്ല ഹരിയാന പോലുള്ള സംസ്ഥാനങ്ങളിലും മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്.
പ്രധാന പ്രശ്നങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ പറയുന്നതു കേള്‍ക്കാന്‍ പോലും തയ്യാറല്ലാത്ത യുപിഎ സര്‍ക്കാരിന് അവര്‍ പിന്തുണ തുടരുന്നത് ആശ്ചര്യകരമാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications