വല്ലാര്‍പാടത്തിന് അനുമതിയായി: ടി.ആര്‍ ബാലു
കൊച്ചി: വല്ലാര്‍പാടം പദ്ധതി പ്രദേശത്തേയ്ക്കുള്ള നാലുവരിപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്ര ഷിപ്പിംഗ് ഉപരിതല ഗതാഗത മന്ത്രി ടി. ആര്‍ ബാലു അറിയിച്ചു.
ഇതോടെ പാതയ്ക്ക് എല്ലാ അനുമതികളുമായിക്കഴിഞ്ഞു. കപ്പല്‍ ശാലയില്‍ 300ടണ്‍ ഭാരമുള്ള അത്യാധുനിക ഗാന്‍ട്രി ക്രെയിനിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ഒരു പദ്ധതിയും കേന്ദ്രം മനപ്പൂര്‍വ്വം വൈകിക്കില്ല.
ചില നടപടികള്‍ അല്പം വൈകുന്നത് സാങ്കേതികമായ പരിശോധനകളും ഗവേഷണങ്ങളുമെല്ലാം ആവശ്യമായി വരുന്നതുകൊണ്ടാണ്. അതിന്റെ പേരില്‍ പദ്ധതി പൂര്‍ത്തീകരണം അല്പം പോലും വൈകില്ല.
കരാറില്‍പ്പറയുന്നതിന് മുമ്പ് തന്നെ വല്ലാര്‍പ്പാടത്തേയ്ക്കുള്ള റോഡ്, റയില്‍ ഗതാഗതം പൂര്‍ത്തിയാക്കിയിട്ടുണ്ടാകും-മന്ത്രി പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റി നന്നായി അറിയാവുന്നതിനാല്‍ ഒരു ഫയലും വെച്ച് താമസിപ്പിക്കാറില്ല.
സേതുസമുദ്രം പദ്ധതിയുടെ പേരില്‍ വല്ലാര്‍പ്പാടത്തെ താന്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുമെന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സേതുസമുദ്രം പോലെ തന്നെ കേന്ദ്രത്തിന് പ്രിയപ്പെട്ടതാണ് വല്ലാര്‍പ്പാടം പദ്ധതിയും.
രണ്ടും സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നാവിക സേനയുടെ വിമാനവാഹിനിക്കപ്പലിനുവേണ്ട ഉരുക്ക് എത്രയും വേഗം ഇറക്കുമതി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നത്തില്‍ ഇടപെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.
കപ്പല്‍ ശാലയില്‍ ചെറുകപ്പലുകള്‍ക്കായി നിര്‍മ്മിച്ച യാര്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇന്ത്യയിലെ മറ്റൊരു കപ്പല്‍ ശാലയിലും 300ടണ്‍ ശേഷിയുള്ള ക്രെയിന്‍ ഉപയോഗിക്കുന്നില്ല. ഇതുവരെ ഇവിടെയുണ്ടായിരുന്ന വലിയ ക്രെയിനിന്റെ ശേഷി 150ടണ്‍ ആയിരുന്നു.












Click it and Unblock the Notifications