ലബനണില്‍ നിന്നെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കി
തിരുവനന്തപുരം: ലബനണില്‍ നിന്ന് തിരിച്ചുവരുന്ന മലയാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി എല്ലാ നടപടികളും പൂര്‍ത്തിയായതായി നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
ചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതലയോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജിജി തോംസണ്‍ ഇക്കാര്യം അറിയിച്ചത്.
ലബനണില്‍ നിന്നുള്ള 600 ഇന്ത്യക്കാരടങ്ങുന്ന ആദ്യസംഘം വ്യാഴാഴ്ച വൈകീട്ട് ബെയ്റൂട്ടില്‍നിന്നും യാത്രതിരിക്കുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ഇക്കൂട്ടത്തിലുള്ള മലയാളികള്‍ക്ക് നാട്ടിലെത്താന്‍ വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചത്.
ബെയ്റൂട്ടില്‍ നിന്നും ഐഎന്‍എസ് മുംബൈ എന്ന നാവികസേനാ കപ്പലില്‍ സംഘത്തെ സൈപ്രസിലെത്തിക്കും. അതിനുശേഷം വിമാനമാര്‍ഗം നേരിട്ട് ഇന്ത്യയിലെത്തിക്കും.
രാജ്യത്തെ ഏതു വിമാനത്താവളത്തിലാണ് ഇവരെ ഇറക്കുകയെന്നതു സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ലബനണിലുള്ള 12000ഇന്ത്യക്കാരില്‍ കൂടുതല്‍പ്പേരും കേരളം, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്.
എന്നാല്‍ തിരിച്ചെത്തുന്ന ആദ്യസംഘത്തില്‍ എത്ര കേരളീയരുണ്ടെന്നകാര്യം അറിവായിട്ടില്ല. നോര്‍ക്കയുടെ ദില്ലി,മുംബൈ, ചെന്നൈ എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരോട് സംഘത്തിലെ കേരളീയര്‍ക്ക് നാട്ടിലെത്താന്‍ വേണ്ട എല്ലാ യാത്രാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്-തോംസണ്‍ പറഞ്ഞു.












Click it and Unblock the Notifications