സ്വാശ്രയം: പുതിയ നിയമം കൊണ്ടുവരണമെന്ന് മുരളി
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ നിലവിലുള്ള രീതിയില്‍ പ്രവേശനവും ഫീസും തുടരാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.
കോടതിവിധി സര്‍ക്കാരിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായും അഭിപ്രായ സമന്വയത്തിലെത്തിയതിനു ശേഷം പുതിയ നിയമം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പുതിയ നിയമം കൊണ്ടുവരുന്നതിന് മുമ്പ് പ്രതിപക്ഷവുമായും വിദ്യാര്‍ഥി സംഘടനകളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും സര്‍ക്കാര്‍ കൂടിയാലോചന നടത്തണം. നേരത്തെ തന്നെ അഭിപ്രായ സമന്വയത്തിലെത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി ഉണ്ടാവുമായിരുന്നില്ല.
ഓപ്ഷന്‍ രജിസ്റര്‍ ചെയ്യുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പല വിദ്യാര്‍ഥികള്‍ക്കും ഓപ്ഷനില്‍ മാറ്റം വരുത്തേണ്ടിവരും.
സ്വാശ്രയ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുക വിഷമകമായിരിക്കെ പുതിയ നിയമം കൊണ്ടുവരിക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള പോംവഴി. സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാണെന്നും സിപിഎമ്മിന് പാര്‍ട്ടി യോഗങ്ങള്‍ നടത്താനല്ലാതെ ഭരിക്കാന്‍ സമയമില്ലെന്നും മുരളി ആരോപിച്ചു.












Click it and Unblock the Notifications