സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നിര്‍ത്തിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
അതിനാല്‍ വ്യാഴം,വെള്ളി ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കോളജുകളില്‍ ചെല്ലേണ്ടതില്ല. ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ ഈ ദിവസങ്ങളില്‍ കോളജുകളിലെത്തി അഡ്മിഷന്‍ എടുക്കണമെന്ന് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രവേശനം താല്കാലികമായി നിര്‍ത്തിവെച്ചതായി പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്. ഏകദേശം 1700 സീറ്റുകളിലേയ്ക്കുള്ള പ്രവേശനപട്ടികയാണ് ജൂലൈ 23ന് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.
സ്വാശ്രയ കോളജുകളിലേക്ക് പ്രവേശനം നടത്താന്‍ നിലവിലുള്ള രീതി തുടരണമെന്ന ഹൈക്കോടതി സിംഗില്‍ ബഞ്ച് വിധി എംബിബിഎസിനും ബിഡിഎസിനും ബാധകമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഈ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികള്‍ നടത്തിയത്.
എന്നാല്‍ 50: 50 എന്ന അനുപാതം സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളടക്കം എല്ലാ സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടതോടെയാണ് സര്‍ക്കാര്‍ പ്രവേശന നടപടികള്‍ നിര്‍ത്തിവെച്ചത്.
കഴിഞ്ഞ ദിവസം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഈ കോഴ്സുകളിലേയ്ക്ക് ഫീസടച്ചിരുന്നു. മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസായ 11, 250രൂപയും മാനേജ്മെന്റ് സീറ്റില്‍ കെ.ടി തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസായ1,13,000രൂപയുമാണ് വിദ്യാര്‍ത്ഥികല്‍ അടച്ചത്. ലിസ്റിലുള്ള 82 വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ചിരുന്നില്ല.












Click it and Unblock the Notifications