പരോള്‍: ആഭ്യന്തരമന്ത്രിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു
കൊച്ചി: ജീവപര്യന്തം തടവിനുശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോള്‍ അനുവദിക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയ്ക്ക് അധികാരം നല്‍കുന്നത് ഏതു നിയമമാണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പരോള്‍ കേസുകള്‍ പരിഗണിക്കവേയാണ് ജസ്റിസ് ജെ.ബി കോശിയും ജസ്റിസ് കെ. പത്മനാഭന്‍ നായരുമടങ്ങിയ ഡിവിഷന്‍ ബഞ്ച് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്. ട്രാവന്‍കൂര്‍-കൊച്ചിന്‍ ആക്ടിലും ജയില്‍ നിയമത്തിലും ആഭ്യന്തരസെക്രട്ടറിക്കുമാത്രമാണ് പരോള്‍ നല്‍കാന്‍ അധികാരമുള്ളത്.
പരോള്‍ അനുവദിക്കുനതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഉന്നതാധികാര സമിതി ആഭ്യന്തര മന്ത്രി പരോളിനു ശുപാര്‍ശ ചെയ്യുന്നത് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നിട്ടും രാഷ്ട്രീയ കക്ഷികളുടെ പാര്‍ട്ടി ഓഫീസുകളില്‍ നിന്നും കെട്ടുകണക്കിന് പരോള്‍ അപേക്ഷകളാണ് ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെത്തുന്നത്. സാധാരണ തടവുകാരുടെ ബന്ധുക്കളാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ഇവിടെ ജയില്‍ സൂപ്രണ്ടു മുതല്‍ ആഭ്യന്തരമന്ത്രിവരെയുള്ളവര്‍ പരോളിന് ശുപാര്‍ശ ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
വേണ്ടപ്പെട്ടവര്‍ക്കു മൂന്നും നാലും തവണ പരോള്‍ നീട്ടിക്കിട്ടുന്നുണ്ട്. 45ദിവസത്തിനുള്ളില്‍ കൂടുതലുള്ള പരോള്‍ ശിക്ഷയിളവിനു പരിഗണിക്കില്ലെന്നാണ് ചട്ടം. ജയില്‍ ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ മറികടന്നാണ് സര്‍ക്കാറിന്റെ ചെയ്തികള്‍.
അര്‍ഹരായവര്‍ക്ക് പരോള്‍ നിഷേധിക്കപ്പെടുകയും പണവും സ്വാധീനവുമുള്ളവര്‍ക്ക് പരോള്‍ ലഭിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. മന്ത്രിക്ക് ഇക്കാര്യത്തില്‍ അധികാരം നല്‍കുന്ന കാര്യം ജയില്‍ ഡിജിപിയോ ആഭ്യന്തരസെക്രട്ടറിയോ വിശദീകരിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാടറിയാനാണ് കോടതി ബുധനാഴ്ച സ്വമേധയാ കേസ് പരിഗണിച്ചത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഇല്ലാതിരുന്നതിനാല്‍ കേസ് ആഗസ്റ് 9ലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications