ദാവൂദ് ഇബ്രാഹിമിന്റെ കെട്ടിടസമുച്ചയം പൊളിക്കുന്നു
മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള അനധികൃത കെട്ടിടങ്ങള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി.
പൊലീസ് കമ്മിഷണറേറ്റിന് എതിര്‍ദിശയിലായി കെട്ടിയുടര്‍ത്തിയ സരാ-സഹാറാ ഷോപ്പിംഗ് കോപ്ലക്സ് അടക്കമുള്ള ഏഴ് കെട്ടിട സമുച്ചയമാണ് ശനിയാഴ്ച പൊളിച്ചുമാറ്റാനാരംഭിച്ചത്.
വന്‍ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് അധികൃതര്‍ കെട്ടിടം പൊളിച്ചു നീക്കിയത്. ഇതിനായി മുന്നൂറോളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള മഹാരാഷ്ട്രയിലെ കോടതിയാണ് പൊളിച്ചുനീക്കലിന് അനുമതി നല്‍കിയത്.
പൊളിച്ചുനീക്കലിനെതിരെ ഒരു വ്യക്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇതിന് അനുമതി നല്‍കിയത്. ദാവൂദിനും സഹോദനും എതിരെയുള്ള കേസില്‍ ഈ കെട്ടിടങ്ങള്‍ നിര്‍ണായക തെളിവാകുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്രസ്തുത കെട്ടിടം അനധികൃതമായി പണിതുയര്‍ത്തിയിരിക്കുന്നത്. മുനിസിപ്പല്‍ അധികൃതരുമായുള്ള രഹസ്യധാരണയോടെയാണ് ദാവൂദ് കെട്ടിടം പണിതതെന്നാണ് പൊലീസിന്റെ ആരോപണം.












Click it and Unblock the Notifications