കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് താത്കാലിക വിരാമം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നല്‍കാനുള്ള 145 കോടി രൂപയില്‍ 40കോടി രൂപ ഉടന്‍ നല്‍കാന്‍ തീരുമാനമായി. തിങ്കളാഴ്ച ധനമന്ത്രിയും ഗതാഗതമന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് തുക ഉടന്‍ നല്‍കുന്ന കാര്യം തീരുമാനമായത്.
നികുതി ഇനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സര്‍ക്കാറിന് നല്‍കേണ്ട 40കോടി രൂപയ്ക്ക് സാവകാശം നല്‍കേണ്ടെന്നും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
ഡീസല്‍ വാങ്ങിയ വകയില്‍ കെഎസ്ആര്‍ടിസി കുടിശ്ശിക നല്‍കാനുള്ളതിനാല്‍ തങ്ങള്‍ അടയ്ക്കേണ്ട നികുതിയ്ക്കും സാവകാശം നല്‍കണമെന്നായിരുന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിലപാട്. എന്നാല്‍ സംസ്ഥാത്തെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വെച്ച് കോര്‍പ്പറേഷന് സാവകാശം നല്‍കാന്‍ കഴിയില്ലെന്ന് ധനകാര്യവകുപ്പ് അറിയിച്ചിരുന്നു. ധനകാര്യവകുപ്പ് ഈ തിരുമാനം അറിയിച്ചിതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസിയ്ക്ക് ഡീസല്‍ നല്‍കേണ്ടതില്ലെന്ന് ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഗതാഗത മന്ത്രിയും ധനകാര്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയത്. കോര്‍പ്പറേഷന് നല്‍കാനുള്ള കുടിശ്ശികയില്‍ 40 കോടി രൂപ ഉടന്‍ നല്‍കാന്‍ തീരുമാനമായതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി പ്രതിസന്ധിയ്ക്ക് താല്‍കാലിക നിവൃത്തിയായി.
എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നല്‍കാനുള്ള 40 കോടി രൂപയ്ക്ക് കൂടുതല്‍ സാവകാശം നല്‍കില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുയാണ്. കെഎസ് ആര്‍ടിസി വന്‍ നഷ്ടത്തിലാണെന്നും കോര്‍പ്പറേഷന്റെ സഞ്ചിത നഷ്ടം 1500.22കോടി രൂപയാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കോര്‍പ്പറേഷന്റെ പുരോഗതിയ്ക്കായി പഠനങ്ങള്‍ നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications