കോളയും പെപ്സിയും നിരോധിക്കണം: എംപിമാര്‍
ദില്ലി: ആരോഗ്യത്തിന് ഹാനികരമായ കൊക്കക്കോള, പെപ്സി എന്നിവയടക്കമുള്ള ഒന്‍പത് ശീതളപാനീയങ്ങള്‍ എത്രയും പെട്ടന്ന് നിരോധിക്കണമെന്ന് വിവിധ കക്ഷികളുടെ എംപിമാര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.
കൊക്കകോള, പെസ്പി തുടങ്ങിയ ശീതളപാനീയങ്ങളില്‍ മനുഷ്യശരീരത്തിന് ഹാനികരമായ കീടനാശിനി കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ (സിഎസ്ഇ) വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സഭാംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്.
ഇടതുപാര്‍ട്ടികള്‍, ബിജെപി, ആര്‍ജെഡി, സമാജ്വാദി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളാണ് ശൂന്യവേളയില്‍ ഇക്കാര്യം ഉന്നയിച്ചത്.
അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷയും നിലവാരവും ഉറപ്പുവരുത്തുന്നതിനുള്ള ബില്‍ ഇതിനകം തന്നെ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ടെന്നും ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്നും പാര്‍ലമെന്ററികാര്യമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി സഭയെ അറിയിച്ചു.
ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതിന്ശേഷം അതിനെഅടിസ്ഥാനമാക്കി ശീതളപാനീയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ പാനീയങ്ങള്‍ നിരോധിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് സമാജ്വാദി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അനുവദനീയമായതിലും 25മുതല്‍ 30 ഇരട്ടിവരെ കീടനാശിയുടെ അംശം ശീതളപാനീയങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന സിഎസ് ഇയുടെ റിപ്പോര്‍ട്ട് സംഭ്രമം ജനിപ്പിക്കുന്നതാണെന്ന് സമാജ്വാദി പാര്‍ട്ടിയിലെ രാംജിലാല്‍ സുമന്‍ പറഞ്ഞു.
ഇത്തരം ബഹുരാഷ്ട്ര കുത്തകകമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ഉപനേതാവ് വി.കെ മല്‍ഹോത്രയും ജനതാദള്‍(യു)വിലെ പ്രഫുല്‍ നാഥ് സിംഗും അരോപിച്ചു.












Click it and Unblock the Notifications