ഏറ്റുമുട്ടലിന്റെ പാത അരുത്: ചെന്നിത്തല
കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് നിയമനിഷേധത്തിന്റെ മാര്‍ഗമാണ് എസ്എഫ് ഐ സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
സ്വാശ്രയ കോളജുകള്‍ക്കുനേരെ അക്രമം നടത്തുകയും കോടതി വിധിയെ വെല്ലുവിളിക്കുകയും ചെയ്ത എസ് എഫ് ഐയുടെ അതിക്രമം മുഖ്യമന്ത്രിയ്ക്കെതിരെ പ്രസ്താവന നടത്തുന്നതില്‍ വരെ എത്തിനില്‍ക്കുകയാണ്. സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തന്നെയാണ് ഇതിനുപിന്നലെ പ്രേരണ- ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സംഘടനയുടെ നേതാവാണ് മാധ്യമപ്രവര്‍ത്തകരെ പിതൃശൂന്യരെന്ന് അധിക്ഷേപിച്ചിരിക്കുന്നത്. സംഘടനയുടെ സമീപനം ശരിയല്ല.
സ്വാശ്രയ പ്രശ്നത്തില്‍ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കാന്‍ ശ്രമിച്ചാല്‍ അത് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കിടയാക്കും. സ്വാശ്രയ നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഏറ്റുമുട്ടലിന്റെ പാതയാണ് സ്വികരിക്കുന്നത്. ഏകപക്ഷീയമായ നിലപാടുമായി മുന്നോട്ടുപോകുന്ന മന്ത്രി അതേസമയംതന്നെ മാനേജ്മെന്റുകളുമായി രഹസ്യ ചര്‍ച്ച നടത്തുന്നു. മാനേജ്മെന്റുമായി നടത്തുന്ന ചര്‍ച്ചയിലെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കണം. ഇത്തരം ഗുരുതരമായ ഒരു പ്രശ്നം പരിഹരിക്കാന്‍ എല്ലാ കക്ഷികളുമായി തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണം.
സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ കച്ചവടം നടത്തുന്നതിനെയും തലവരി പിരിക്കുന്നതിനെയും യുഡിഎഫ് എതിര്‍ക്കും. എന്നാല്‍ ഭരണഘടനാ വിരുദ്ധമായ നിയമം കൊണ്ട് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനാവില്ല.
ആഗസ്റ് 15ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്രസ്മൃതി യാത്രികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല അറിയിച്ചു.












Click it and Unblock the Notifications