സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമായേയ്ക്കും
തിരുവനന്തപുരം: ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത തെളിഞ്ഞു.
ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കില്ലെന്നതും തൊഴില്‍ ലഭ്യമാക്കുന്നതുമുള്‍പ്പെടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ പലതും ദുബായ് ഇന്റര്‍നെറ്റ് സിറ്റി പ്രതിനിധികള്‍ തത്വത്തില്‍ അംഗീകരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞേയ്ക്കുമെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച രാവിലെയാരംഭിച്ച ചര്‍ച്ച ശനിയാഴ്ചയും തുടരും. ശനിയാഴ്ചരാവിലെ ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പദ്ധതിയ്ക്കായുള്ള ഭൂമി ലഭ്യമാക്കുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായേക്കും.
ഇന്‍ഫോ പാര്‍ക്ക് വിട്ടുകിട്ടണമെന്നും പദ്ധതിയുടെ പരിസരത്ത് മറ്റ് ഐടി കമ്പനികള്‍ പാടില്ലെന്നുമുള്ള നിബന്ധനകളില്‍ ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ നിര്‍ബ്ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് വഴിമുട്ടിയ ചര്‍ച്ച ഉച്ചതിരിഞ്ഞാണ് സജീവമായത്.
ദുബായില്‍ നിന്നുതന്നെയുള്ള മറ്റ് പദ്ധതി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്റര്‍നെറ്റ് സിറ്റി അധികൃതരെ ധരിപ്പിച്ചതിനുശേഷമാണ് അവര്‍ നിലപാട് മാറ്റിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ടീകോം ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.ഫരീദ് അബ്ദുള്‍ റഹ്മാന്‍. ചീഫ് പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്പ്മെന്റ് ഓഫീസര്‍ ദീപക് പത്മനാഭന്‍, സീനിയര്‍ പ്രൊജക്ട് മാനേജര്‍ ഡോ. ബാജു ജോര്‍ജ് ദീപ്തി ഖോസ്ല എന്നിവരാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സംസ്ഥാന ഐടി സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന പി.ജി.ടെന്‍സിംഗ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ് , അഡീഷണല്‍ സെക്രട്ടറി കെ.സുരേഷ് കുമാര്‍ എന്നിവരാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്തത്.
കേരള സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ മേലധികാരികളുമായി ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന് ഡോ.ഫരീദ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
പദ്ധതിയ്ക്കായി ഇന്‍ഫോ പാര്‍ക്ക് വിട്ടുതരില്ല, എറണാകുളത്ത് മറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കരുതെന്ന ഉപാധി അംഗീകരിക്കില്ല, ടെക്നോപാര്‍ക്കിനും ഇന്‍ഫോ പാര്‍ക്കിനും കൊടുത്തതുപോലെ ചെറിയ ഇളവുകളിലൂടെ ഭൂമി ലഭ്യമാക്കും, പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്ന നിയമപ്രകാരമുള്ള കെട്ടിടങ്ങള്‍ മാത്രമേ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തു പണിയാന്‍ പാടുള്ളൂ തുടങ്ങിയ നിബന്ധനകളാണ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചത്.
ഈ നിബന്ധനകളെല്ലാം ഇന്റര്‍നെറ്റ് സിറ്റി പ്രതിനിധികള്‍ ഏതാണ്ട് അംഗീകരിച്ചുവെന്നാണ് സൂചന. ഒരു മാസത്തിനുള്ളില്‍ കരാറിന്റെ കരട് തയ്യാറാക്കി സര്‍ക്കാര്‍ അങ്ങോട്ട് അയച്ചുകൊടുക്കും എന്നധാരണയിലാണ് വെള്ളിയാഴ്ച ചര്‍ച്ച അവസാനിച്ചത്.












Click it and Unblock the Notifications