കൂടുതല്‍ കുട്ടികളെ വളര്‍ത്തണം: കത്തോലിക്ക സഭ
കൊച്ചി: സമ്പത്തും ആരോഗ്യവുമുള്ളവര്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും തയാറാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. കെസിബിസിയുടെ തീരുാനപ്രകാരം തയ്യാറാക്കിയ ഇടയലേഖനത്തിലാണ് ഈ നിര്‍ദേശം.
സമ്പത്തും ആരോഗ്യവുമുള്ളവര്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നത് പാപവും സാമൂഹിക ദ്രോഹവുമാണ്. ജീവന്‍ സ്വീകരിച്ച മക്കള്‍ ജീവന്‍ നല്‍കി മാതാപിതാക്കളാകണം. ഭാര്യാഭര്‍ത്താക്കന്‍മാരുടെ ഭാവി മക്കളിലൂടെയാണ് പടുത്തുയര്‍ത്തപ്പെടേണ്ടത് - ഇടയലേഖനത്തില്‍ പറയുന്നു.
മനുഷ്യജീവിതത്തില്‍ വിവിധ തലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കുടുംബജീവിതത്തിന് വെല്ലുവിളിയാണ്. തൊഴിലില്ലായ്മയും തൊഴില്‍ സാഹചര്യങ്ങളും വിദേശ കുടിയേറ്റങ്ങളും കുടുംബത്തിന് ഭീഷണിയാണ്. അതേസമയം ജീവനെതിരായ മനോഭാവങ്ങളും അനിയന്ത്രിതമായ സ്വാര്‍ഥതയും സുഖാനുഭവ താല്‍പര്യങ്ങളും ശക്തമായിക്കൊണ്ടിരിക്കുന്നു.
കുടുംബവേദി ശിഥിലമായാല്‍ അതിന്റെ നാശം ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്ന് ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരെ സന്തോഷത്തിനുള്ള ഇരകളും ഉപാധികളുമാക്കുന്ന പ്രവണത വ്യാപകമാവുകയാണ്. മാനുഷികബന്ധങ്ങളില്‍ കടന്നുകൂടുന്ന കമ്പോള മന:സ്ഥിതിയുടെ പിടിയില്‍ നിന്നും വിട്ടുനില്‍ക്കണം.
വിവാഹം, മനസ്സമ്മതം, ജന്മദിനം തുടങ്ങിയ ചടങ്ങുകള്‍ ധൂര്‍ത്തായി മാറുന്നത് ആശാസ്യമല്ല. കടക്കെണിയില്‍പ്പെട്ട് അനേകം കുടുംബങ്ങള്‍ തകരുന്ന സ്ഥിതിയുണ്ട്. ആത്മീയ ജീവിതത്തിലൂടെ ഇത്തരം വെല്ലുവിളികള്‍ അതിജീവിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.












Click it and Unblock the Notifications