ദിനകരന്റെ നിയമനം: ശുപാര്‍ശ ഗവര്‍ണര്‍ മടക്കി
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റിസ് എന്‍. ദിനകറിനെ നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യ സ്വീകരിക്കാതെ തിരിച്ചയച്ചു.
നിയമപരമായ പ്രശ്നങ്ങളും പ്രതിപക്ഷനേതാവിന്റെ വിയോജിപ്പും കണക്കിലെടുത്താണ് ഗവര്‍ണര്‍ ശുപാര്‍ശയില്‍ ഒപ്പിടാഞ്ഞത്. ലോക്സഭയില്‍ മനുഷ്യാവകാശ കമ്മിഷന്‍ (ഭേദഗതി) ബില്‍ അടുത്തയാഴ്ച പാസാകാനിരിക്കുന്നതും ഗവര്‍ണര്‍ കണക്കിലെടുത്തതായാണു സൂചന.
ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.
ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചത് സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയിരിയ്ക്കുകയാണ്. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റിസ് ആയി വിരമിച്ചയാളാണ് ജസ്റിസ് ദിനകരന്‍. രാജ്യസഭ പാസാക്കിയ ബന്ധപ്പെട്ട ഭേദഗതി ബില്‍ തിങ്ക്ളാഴ്ച ലോക്സഭയില്‍ കൂടി പാസായാല്‍ ജസ്റിസ് വി.പി. മോഹന്‍കുമാറിനെ അധ്യക്ഷ പദവിയില്‍നിന്നു മാറ്റുക എന്ന സര്‍ക്കാര്‍ ലക്ഷ്യവും നടക്കാതായേക്കും.
ഹൈക്കോടതിയില്‍ അഞ്ചുവര്‍ഷം പ്രവൃത്തി പരിചയമുള്ള ജഡ്ജിയെ സംസ്ഥാന കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാം എന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. അംഗങ്ങളുടെ എണ്ണം അഞ്ചില്‍നിന്നു മൂന്നാവുകയും ചെയ്യും. നിലവില്‍ മൂന്ന് അംഗങ്ങളുള്ള സംസ്ഥാന കമ്മിഷനില്‍ പുതിയൊരാളെക്കൂടി നിയമിക്കാന്‍ പിന്നീടു സാധിക്കില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റിസായി വിരമിച്ച വി.പി. മോഹന്‍കുമാറിനെത്തന്നെ വീണ്ടും പരിഗണിക്കേണ്ടിയും വരും.
കമ്മിഷനില്‍ രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ ഉണ്ടാവാന്‍ പാടില്ലെന്നും, കേന്ദ്രത്തില്‍ ഭേദഗതി ബില്‍ പാസാകാനിരിക്കെ ധൃതിപിടിച്ചു നിയമനം വേണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കു വിയോജനക്കുറിപ്പ് അയച്ചത്.












Click it and Unblock the Notifications