വൈദ്യുതി ക്ഷാമം രൂക്ഷമാവും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം കൂട്ടിയില്ലെങ്കില്‍ ക്ഷാമം രൂക്ഷമാകുമെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
ഇപ്പോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 2500 മെഗാവാട്ടാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 82 ലക്ഷം ഉപഭോക്താക്കളുണ്ട്. ഇത് ഒരുകോടിയാകാന്‍ ഏറെ കാലം എടുക്കില്ല. തിരുവനന്തപുരം പ്രസ്ക്ലബും എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്ന് നടത്തിയ ഊര്‍ജ്ജസംരക്ഷണം ജനപങ്കാളിത്തത്തിലൂടെ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വൈദ്യുതി ലാഭിക്കാനുള്ള ശ്രമം ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. 35 ശതമാനം പ്രസരണനഷ്ടം എന്നത് ഇപ്പോള്‍ 25 ശതമാനത്തിലേയ്ക്കെത്തിയിട്ടുണ്ട്. അത് 15% ആയി കുറച്ചാല്‍ കോടികളുടെ ലാഭമായിരിക്കും ഉണ്ടാകുക- ബാലന്‍ പറഞ്ഞു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 1500 മെഗാവാട്ട് വൈദ്യുതി കൂടി കേരളത്തിന് ആവശ്യമായി വരും. അതിനുള്ള ശ്രമങ്ങള്‍ നാം ഇപ്പോഴേ തുടങ്ങണം. മൂന്നു പദ്ധതികളില്‍ നിന്നായി 138.5 മെഗാവാട്ട് കൂടി വൈകാതെ ലഭിച്ചേയ്ക്കാം. ഇതു കൊണ്ട് ഒന്നുമാകില്ല. വൈദ്യുതോല്പാദനം വര്‍ധിപ്പിച്ചില്ലെങ്കില്‍ പുതുതായി ഒരു തൊഴില്‍ അവസരം പോലും കേരളത്തില്‍ ഉണ്ടാകില്ല.
ആതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് കുറഞ്ഞത് 163 മെഗാവാട്ട് എങ്കിലും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. പക്ഷേ പദ്ധതിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ കൃത്രിമമായുള്ളതും ഉണ്ട്. ആര്‍ക്കും വേണ്ടെങ്കില്‍ തങ്ങള്‍ക്കെന്തിന് എന്ന നിലപാടിലേയ്ക്ക് സര്‍ക്കാരും പോയാല്‍ ആരെയാണ് കുറ്റം പറയുക?
തമിഴ് നാട്ടിലെ നാഗര്‍കോവില്‍ ജില്ലയില്‍ ഉള്ള കൂടംകുളം ആണവനിലയത്തില്‍ നിന്ന് 266 മെഗാവാട്ട് കേരളത്തിന് ലഭിക്കാനുള്ള സാഹചര്യമുണ്ട്. പക്ഷേ 400 കെ.വി ലൈന്‍ വലിക്കുന്നതിനെതിരേ പ്രാദേശികമായ എതിര്‍പ്പ് വന്നിരിക്കുന്നു. ആ ആശങ്ക തള്ളിക്കളയാവുന്നതല്ല. പക്ഷേ അതിന്റെ പേരില്‍ വൈദ്യുതി വേണ്ടെന്നുവയ്ക്കാനാവില്ല.












Click it and Unblock the Notifications