എസ്.ഐ അടക്കം നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
മലപ്പുറം: പോലീസിനെ പേടിച്ച് പുഴയില്‍ ചാടിയ രണ്ടുപേരെ കാണാതായ സംഭവത്തില്‍ തിരൂര്‍ എസ്.ഐ അടക്കം നാല് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ചീട്ടുകളി സംഘത്തില്‍ പെട്ടവരാണ് പൊലീസിനെ കണ്ട് പേടിച്ച് പുഴയില്‍ ചാടിയത്. 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരെയാണ് ശക്തമായ ഒഴുക്കില്‍ കാണാതായത്. ആഗസ്റ് 12 ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ബസ്സ്റ്റാന്‍ഡിന് കിഴക്കുവശത്ത് തിരൂര്‍-പൊന്നാനി പുഴയിലേക്കാണ് ചീട്ടുകളി സംഘത്തില്‍പ്പെട്ടവര്‍ മഫ്ത്തിയില്‍ എത്തിയ പോലീസ്സംഘത്തെക്കണ്ട് ചാടിയത്.
ചാലത്തറയില്‍ കുഞ്ഞുവിന്റെ മകന്‍ ഹോട്ടല്‍ ജീവനക്കാരനായ ജമാലുദ്ദീന്‍ എന്ന മുത്തു (28), പുറത്തൂര്‍ കരീല്ലപാലം കണ്ടന്‍പറമ്പില്‍ മമ്മദിന്റെ മകന്‍ റിയാസ് (30) എന്നിവരെയാണ് കാണാതായത്. ഇവരെ പിടിയ്ക്കാനായി ചില പോലീസുകാരും ഇവര്‍ക്കുപിന്നാലെ പുഴയില്‍ ഇറങ്ങി. പക്ഷേ ശക്തമായ ഒഴുക്കിലെ അപകടം മനസ്സിലാക്കി ഇവര്‍ തിരിച്ച് കയറി.
മണല്‍വാരല്‍സംഘത്തെ പിടികൂടാന്‍ മഫ്ത്തിയില്‍ പുറത്തൂരിലെത്തിയ സംഘമാണ് ചീട്ടുകളിക്കാരെക്കണ്ട് അവിടെ ഇറങ്ങിയതെന്ന് തിരൂര്‍ സി.ഐ സെയ്താലി പറഞ്ഞു.
പുഴയില്‍ കാണാതായ രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. തിരൂര്‍ ഫയര്‍സ്റേഷന്‍ ജീവനക്കാര്‍, പോലീസ്, നാട്ടുകാര്‍ എന്നിവരാണ് തിരച്ചില്‍ നടത്തുന്നത്. അഴിമുഖത്തിനടുത്തുള്ള പുഴയിലെ ശക്തമായ ഒഴുക്കും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications