ലബനനില്‍ വെടി നിറുത്തുന്നു
ഐക്യരാഷ്ടസഭ: ഇസ്രയേലും ലെബനനും വെടിനിര്‍ത്തലിന് തയാറായതായി ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ അറിയിച്ചു. ആഗസ്റ് 14 തിങ്കളാഴ്ച മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക.
വെടി നിറുത്താന്‍ ആവശ്യപ്പെടുന്ന പ്രമേയം ആഗസ്റ് 12 ശനിയാഴ്ചയാണ് ഐക്യരാഷ്ട്ര സഭ പാസാക്കിയത്. തുടര്‍ന്ന് പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും വിളിച്ച് ചേര്‍ത്ത മന്ത്രിസഭായോഗത്തിലാണ് പ്രമേയം അംഗീകരിക്കാനും വെടിനിര്‍ത്താനും ധാരണയായത്.
ഇരുരാജ്യങ്ങളും യു എന്‍ പ്രമേയം അംഗീകരിച്ചതില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഹിസ്ബുള്ള എല്ലാ ആക്രമണങ്ങളും ഇസ്രയേല്‍ എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇതിന്റെ തുടര്‍ നടപടിയായി 15,000 ഓളം വരുന്ന ഐക്യരാഷ്ട്ര സഭാ സമാധാന സേനയെ ലെബനനില്‍ വിന്യസിക്കും.
എന്നാല്‍ ലെബനന്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണ നല്‍കുമെന്ന് പറഞ്ഞ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് ഹസന്‍ നസറുള്ള ഇസ്രയേല്‍ സൈന്യം ലെബനനില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുന്നത് വരെ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി.
ആദ്യം അമേരിക്കയും ഫ്രാന്‍സും ചേര്‍ന്ന് തയാറാക്കിയ പ്രമേയം അംഗീകരിക്കാതിരുന്നത് ഇവര്‍ ലെബനനില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തിന്റെ അടിയന്തിര പിന്മാറ്റം ആവശ്യപ്പെടുന്നില്ല്ലെ എന്നത്കൊണ്ടാണെന്നും നസറുള്ള വ്യക്തമാക്കി. ജൂലൈ 12 ന് രണ്ട് ഇസ്രയേലി സൈനികരെ ഹിസ്ബുളള ഭീകരവാദികള്‍ പിടിച്ച്കൊണ്ട് പോയതോടെയാണ് ആക്രമണം തുടങ്ങിയത്.
കഴിഞ്ഞ ഒരുമാസമായി നടക്കുന്ന ആക്രമണങ്ങളില്‍ ആയിരത്തിലധികം ലെബനന്‍കാരും നൂറിലധികം ഇസ്രയേല്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications