പരിഹാരകര്‍മങ്ങള്‍ ചെയ്യില്ല: തന്ത്രി മഹേശ്വരര്
കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ഭരണച്ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റി ഒരു പ്രത്യേക സമിതിയെ ഏല്പിക്കണമെന്ന് ശബരിമല മുഖ്യതന്ത്രി കണ്ഠരര് മഹേശ്വരര് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന്റെ ഇഷ്ടപ്രകാരം നടത്തിയ ദേവപ്രശ്നത്തെ തുടര്‍ന്ന് നിര്‍ദേശിച്ച പരിഹാരകര്‍മങ്ങള്‍ ചെയ്യില്ലെന്നും തന്ത്രി വ്യക്തമാക്കി.
പ്രശ്നച്ചാര്‍ത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനകളാണുള്ളത്. അത് തള്ളിക്കളയുകയാണ് വേണ്ടത്. ഭക്തരില്‍ ആശയക്കുഴപ്പമുണ്ടാക്കിയ ദേവപ്രശ്നം തള്ളിക്കളഞ്ഞ് പുതിയ ദേവപ്രശ്നം നടത്തണം.
ഇംഗ്ലീഷില്‍ നല്‍കിയ പ്രശ്നച്ചാര്‍ത്തിന് 70 പേജാണുള്ളത്. ഇതില്‍ പല സ്ഥലത്തും തന്ത്രിയെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ നല്‍കിയ പ്രശ്നച്ചാര്‍ത്തിന് 30 പേജുകളേയുള്ളൂ. തന്ത്രിയ്ക്കെതിരായ വിമര്‍ശനവും ഇതില്‍ കുറവാണ്. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ പുതിയ പ്രശ്നച്ചാര്‍ത്ത് നല്‍കുകയാണ് ചെയ്തത്.
1990ല്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര കമ്മിറ്റിയുടെ നിര്‍ദേശ അനുസരിച്ച് ശബരിമല ക്ഷേത്രത്തിന്റെ ഭരണച്ചുമതല പ്രത്യേക കമ്മിറ്റിയെ ഏല്പിക്കണം.
ശബരിമലയില്‍ റോപ്വേ ഇല്ലാത്തതിനാല്‍ അയ്യപ്പന്‍ വിഷമിക്കുന്നുവെന്ന് പറയുന്ന ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ മറ്റ് ചിലരുടെ ആവശ്യങ്ങളാണ് ദേവപ്രശ്നത്തില്‍ പറഞ്ഞത്. തന്ത്രി പുറപ്പെടാശാന്തിയാവണമെന്ന് പറയുന്നത് അറിവില്ലായ്മ മൂലമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത യോഗക്ഷേമ സഭ പ്രസിഡന്റ് എം.വി.എസ്.നമ്പൂതിരി പറഞ്ഞു.












Click it and Unblock the Notifications