വാറ്റ് ലോട്ടറി ആഗസ്ത് 30 മുതല്‍
കോഴിക്കോട്: വാറ്റ് ലോട്ടറിയുടെ ഉദ്ഘാടനം ഈ മാസം 30 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.
ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ വരുത്തിയിട്ടുള്ള നികുതി കുടിശിക പിരിക്കുന്നതിന് വേണ്ടി അവര്‍ക്ക് നോട്ടീസ് അയയ്ക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കില്ല. കോഴിക്കോട്ട് വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാന്‍ സാധിക്കില്ല. ഫെസ്റിവല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്നും കൂടുതല്‍ പേര്‍ക്ക് ബോണസ് ലഭിക്കുന്നതിനായി ശമ്പള പരിമിതി ഉയര്‍ത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാനാവില്ല.
സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. വികസനത്തിന് തടസം നില്‍ക്കാന്‍ ധനവകുപ്പിന് ഉദ്ദ്യേശമില്ല. വാറ്റ് മൂലം ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വരും വര്‍ഷങ്ങളില്‍ മുഴുവന്‍ തുകയും തരാന്‍ തയാറല്ലാത്ത സാഹചര്യത്തില്‍ വാറ്റ് നികുതി പിരിവ് 4600 കോടി രൂപയായി ഉയര്‍ത്താന്‍ ജീവനക്കാര്‍ ശ്രമിക്കണം.
വ്യാപാരി ക്ഷേമനിധി വിപുലീകരിക്കും. നാലായിരം കോടിയില്‍ അധികമായി പിരിക്കുന്ന നികുതിയുടെ ഒരു ശതമാനം ഈ ക്ഷേമ നിധിയില്‍ വകയിരുത്തും. വ്യാപാരികള്‍ക്കായി ജില്ലാതലത്തില്‍ ജീവന്‍ സെല്ലുകള്‍ സ്ഥാപിക്കും. ഓണത്തിന് ശേഷം നടക്കുന്ന മലബാര്‍ മഹോത്സവത്തില്‍ വ്യാപാര മേള സംഘടിപ്പിക്കും- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications