മുല്ലപ്പെരിയാര്‍: റിവ്യൂ ഹര്‍ജി നല്‍കിയേക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന സെസ്സിന്റെ പഠനറിപ്പോര്‍ട്ട് സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
തമിഴ്നാടിന് വെള്ളം നിഷേധിക്കാതെ സുരക്ഷ ഉറപ്പുവരുത്തി പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന നിര്‍ദേശമാണ് കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ജലനിരപ്പ് ഉയര്‍ത്തണമെന്ന വിധിക്കെതിരെ കേരളം മുമ്പ് നല്‍കിയ റിവ്യൂഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേരളം പാസ്സാക്കിയ ഡാം സുരക്ഷ സംബന്ധിച്ച നിയമത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തിന്റെയും തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സെസ്സിന്റെ പഠനറിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കേരളം നിയമനടപടിക്കൊരുങ്ങുന്നത്.












Click it and Unblock the Notifications