ശോഭാ ജോണിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ശബരിമല തന്ത്രി ആക്രമണ കേസിലെ പ്രതി ശോഭാ ജോണിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി.
കുറ്റകൃത്യത്തിന്റെ ഗൗരവവും കേസില്‍ പ്രതിക്കുള്ള പങ്കും വസ്തുതാപരമായി പരിശോധിക്കാതെയണ് കീഴ്ക്കോടതി ജാമ്യം അനുവദിച്ചതെന്ന് ജസ്റിസ് കെ.ആര്‍.ഉദയഭാനു കുറ്റപ്പെടുത്തി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുമ്പോള്‍ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായിരുന്നുവെന്നും കേസിലെ പ്രധാന പ്രതി ബെച്ചു റഹ്മാനെ പിടികൂടാനുളള പൊലീസിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്നും ജസ്റിസ് ഉദയഭാനു ചൂണ്ടിക്കാട്ടി.
ബെച്ചു റഹ്മാനെയും ബാക്കി പ്രതികളെയും പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിയാത്തത് ഗൗരവത്തോടെ കാണേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. മറ്റ് പ്രതികളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം അനിശ്ചിതമായി നീളുന്നത് ശോഭാ ജോണിന്റെ റിമാന്റ് തുടരുന്നതിന് ന്യായീകരണമാവില്ലെന്നും ശോഭാ ജോണ്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് അത് പരിഗണിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശോഭാ ജോണിന് ജാമ്യം അനുവദിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.












Click it and Unblock the Notifications