അന്വേഷണം വേണം: ജോസഫ്
തിരുവനന്തപുരം: വിമാനത്തില്‍ വച്ച് അപമാനിച്ചുവെന്ന സ്ത്രീയുടെ ആരോപണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊതുമരാമത്തു മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
താന്‍ കുറ്റക്കാരനാണെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്നു മാത്രമല്ല, പൊതുപ്രവര്‍ത്തന രംഗത്ത് നിന്നുവരെ മാറി നില്‍ക്കും. തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന് പിന്നില്‍- ജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
മൈത്രി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ തനിക്കെതിരെ തെളിവില്ല എന്ന് വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ തന്നെ മറ്റൊരു കേസില്‍ കുടുക്കാനാണ് ശ്രമം. ആസൂത്രിതമായി തന്നെ കുടുക്കാനായി പുതിയൊരു ആരോപണം ഉണ്ടാക്കിയതാണ്. വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ ഒരിക്കലും ഒരാള്‍ക്കും മുന്‍ സീറ്റിലിരിക്കുന്ന ആളിനെ കടന്നു പിടിക്കാനാവില്ല.
തന്റെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരും തന്നോട് മത്സരിച്ചു തോറ്റവരുമൊക്കെ ഗൂഢാലോചനക്കു പിന്നിലുണ്ട്. തന്നെ പെണ്ണ് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഒരു ഫോണ്‍ സന്ദേശം രണ്ട് ദിവസം മുമ്പ് ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications