മുല്ലപ്പെരിയാര്‍: ചോര്‍ച്ച പരിശോധിക്കുന്നത് തടഞ്ഞു
തിരുവനന്തപുരം: ഭൂചലനത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ചോര്‍ച്ച കൂടിയിട്ടുണ്ടോയെന്ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് തമിഴ്നാട് തടഞ്ഞു.
ഡാം പരിശോധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അറിയിച്ച് തമിഴ്നാട് ചീഫ് എഞ്ചിനീയറുടെ നിര്‍ദേശ പ്രകാരം എക്സിക്യൂട്ടീവ് ഓഫീസര്‍ കേരള സര്‍ക്കാരിന് കത്ത് നല്‍കി.
ഭൂചലനത്തെ തുടര്‍ന്ന് ഡാം സന്ദര്‍ശിച്ച ഡാം സുരക്ഷാ സമിതി ചോര്‍ച്ചയുടെ അളവ് തുടര്‍ച്ചയായി പത്ത് ദിവസം നിരീക്ഷിച്ചശേഷം മുന്‍കാലങ്ങളിലെ ചോര്‍ച്ചയുമായി താരതമ്യം ചെയ്ത് ഡാമിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആഗസ്ത് 22ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഡാമിലെ ചോര്‍ച്ച നിരീക്ഷിച്ചിരുന്നു. 23ന് വീണ്ടും നിരീക്ഷണത്തിന് ചെന്നപ്പോള്‍ കേരളത്തിന്റെ ഉദ്യോഗസ്ഥരെ തമിഴ്നാടിന്റെ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പരിശോധന അനുവദിക്കാനാവില്ലെന്ന് കാണിച്ച് തമിഴ്നാട് ചീഫ് എഞ്ചിനീയറുടെ നിര്‍ദേശ പ്രകാരം എക്സിക്യൂട്ടീവ് ഓഫീസര്‍ കേരളത്തിലെ ഉദ്യോഗസ്ഥന് കത്ത് നല്‍കുകയും ചെയ്തു.
ഡാമിന്റെ സുരക്ഷയെ ഭൂചലനങ്ങള്‍ ബാധിക്കുമെന്ന ഡാം സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാടിന്റെ ഈ നടപടി.
അതേ സമയം തമിഴ്നാടിന്റെ നടപടിയില്‍ പ്രതിഷേധം അറിയിക്കുമെന്നും സര്‍ക്കാര്‍ തലത്തില്‍ വേണ്ടതു ചെയ്യുമെന്നും ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു.












Click it and Unblock the Notifications