വിധി സര്‍ക്കാരിന് തിരിച്ചടി: ചെന്നിത്തല
കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ സുപ്രിം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധിക്കാരപരമായ സമീപനമാണ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. കോടതിക്ക് പുറത്ത് സമവായത്തിനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്- ചെന്നിത്തല പറഞ്ഞു. ശനിയാഴ്ച കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ല. പി.എ. മുഹമ്മദ് കമ്മിറ്റിയില്‍ സിപിഎമ്മുകാരെ കുത്തിനിറച്ചതായി ആക്ഷേപമുണ്ട്.
സ്വാശ്രയകേസില്‍ ഹൈക്കോടതി സിംഗില്‍ ബഞ്ചിന്റെ വിധി വന്നത് മുതല്‍ സിപിഎമ്മും സര്‍ക്കാരും സ്വീകരിച്ചത് ധിക്കാരപരമായ സമീപനമാണ്. മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുവാനും ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താനും ശ്രമമുണ്ടായി. പത്രമാധ്യമങ്ങളെ പിതൃശൂന്യരെന്ന് വിളിച്ച് മാധ്യമലോകത്തെയാകെ അധിക്ഷേപിക്കുകയും ചെയ്തു.
ഈ വര്‍ഷത്തെ പ്രവേശനത്തെ സംബന്ധിച്ചുള്ള അന്തിമ വിധിയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. സ്വാശ്രയ ബില്ലിനെക്കുറിച്ചുള്ള വിശദമായ പരിശോധന ഇനിയും ഹൈക്കോടതി നടത്തേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications