വിധി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും: മന്ത്രി
കൊല്ലം: സ്വാശ്രയ കേസിലെ സുപ്രീം കോടതി വിധി സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നും വിധി നടപ്പിലാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ക്രമീകരണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു.
സീറ്റ് അലോട്ട്മെന്റ് സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം സപ്തംബര്‍ എട്ടിന് ശേഷമുണ്ടാകും. മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ സംബന്ധിച്ച തര്‍ക്കങ്ങളില്‍ എട്ടിനകം തീരുമാനമെടുക്കാനാണ് സുപ്രിം കോടതി ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഈ അധ്യയനവര്‍ഷം നടപ്പാക്കണോ എന്നതാണു ഹൈക്കോടതിയും സുപ്രീം കോടതിയും പരിഗണിച്ചത്. നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയും മറ്റും ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബറില്‍ പരിഗണിക്കും. മാനേജ്മെന്റുകള്‍ നടത്തിയ പരീക്ഷ സുതാര്യമല്ലെന്ന സര്‍ക്കാര്‍ നിരീക്ഷണം സുപ്രീം കോടതി ഒരു പരിധിവരെ അംഗീകരിച്ചിരിക്കുകയാണ് - മന്ത്രി പറഞ്ഞു.
മാനേജ്മെന്റ് സീറ്റിലെ 20 ശതമാനത്തിലെ പ്രവേശനം ജസ്റിസ് പി. എ. മുഹമ്മദ് കമ്മിറ്റിയുടെ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ആ സീറ്റ് പൊതുപ്രവേശന പരീക്ഷയില്‍നിന്നുള്ള ക്വോട്ടയില്‍ ഉള്‍പ്പെടുത്തും.
പുനര്‍ കൗണ്‍സലിങ്ങ് വേണോ എന്നത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. വിധി സര്‍ക്കാരിനു തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications