യുഡിഎഫ്-മാണി ചര്‍ച്ച പരാജയപ്പെട്ടു
കോട്ടയം: യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ യുഡിഎഫ് നേതാക്കള്‍ മാണി ഗ്രൂപ്പുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ച വിജയിച്ചില്ല. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ചേരാനിരുന്ന യുഡിഎഫ് യോഗം മാറ്റിവച്ചു.
ചൊവ്വാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മാണി ഗ്രൂപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോട്ടയത്ത് ചര്‍ച്ച നടന്നത്. അടുത്ത രാജ്യസഭാ സീറ്റ് നല്‍കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്ന ആവശ്യത്തില്‍ മാണി ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
കഴിഞ്ഞ തവണ രാജ്യസഭാ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മാണി ഗ്രൂപ്പ് കോണ്‍ഗ്രസുമായി ഇടഞ്ഞത്. യുഡിഎഫുമായി മേലില്‍ സഹകരിക്കില്ലെന്ന് മാണി പ്രഖ്യാപിച്ചു. ആറു തവണ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ഇനി വിശ്വസിക്കാനാവില്ലെന്നും ഇനി ഒഴിവുവരുന്ന സീറ്റ് തങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രേഖാമൂലം ഉറപ്പുനല്‍കണമെന്നുമുള്ള നിലപാടിലാണ് മാണി.
കോട്ടയത്ത് നടന്ന ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. യുഡിഎഫിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മാണി ഗ്രൂപ്പിനു വേണ്ടി കെ.എം.മാണി, സി.എഫ്.തോമസ്, ജോയി എബ്രഹാം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications