കയ്യേറ്റം ചെയ്യപ്പെട്ട വിദേശ വനിത ജില്ല വിട്ടു
കണ്ണൂര്‍: ആദിവാസി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത വിദേശ വനിത ലൂയിസ യുഹാന പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ല വിട്ടു. ടൂറിസ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ലൂയിസക്ക് രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഗവേഷണം നടത്താന്‍ അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച കണ്ണൂര്‍ എസ്പിയെ കണ്ട ലൂയിസ രാജ്യം വിടാന്‍ സപ്തംബര്‍ ഒമ്പത് വരെ സമയം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഗവേഷണത്തിനായി ഇനിയും ഇന്ത്യയില്‍ തുടര്‍ന്നാല്‍ വിസ ചട്ടങ്ങളനുസരിച്ച് ശിക്ഷ നേരിടേണ്ടിവരുമെന്നതിനാലാണ് ലൂയിസയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്.
ബുഡാബെസ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയാണ് നെതര്‍ലാന്റുകാരിയായ ലൂയിസ. സര്‍വകലാശാലാ അധികൃതരുമായി ബന്ധപ്പെട്ട പൊലീസിന് ഇവര്‍ ഗവേഷണ വിദ്യാര്‍ത്ഥി തന്നെയാണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ ടൂറിസ്റ് വിസയില്‍ എത്തിയ ലൂയിസക്ക് ഇന്ത്യയില്‍ ഗവേഷണം നടത്താനുള്ള അനുവാദമില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
ലൂയിസ സിഐഎക്കു വേണ്ടി ചാരപ്രവൃത്തി ചെയ്യുകയാണെന്ന് ആരോപിച്ചാണ് ആദിവാസി സംരക്ഷണ സമിതി ഇവരെ കയ്യേറ്റം ചെയ്തത്. ലൂയിസ ഗവേഷണം നടത്തുന്ന സ്ഥാപനത്തിന് സിഐഎയുമായി ബന്ധമുണ്ടെന്നും ആറളം ഫാമിലെ ജൈവസമ്പത്തുകളെ കുറിച്ച് പഠിച്ചതിനു ശേഷം അവയില്‍ പേറ്റന്റെടുക്കുകയാണ് ലൂയിസയുടെ ലക്ഷ്യമെന്നുമാണ് ആരോപണം.












Click it and Unblock the Notifications