കോഴിക്കോട്ട് വീണ്ടും ബോംബ് ഭീഷണി
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഭീഷണി.
ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടുന്ന അവശ്യസേവനങ്ങള്‍ വീഴ്ചവരുത്താതെ ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചാമ്പലാക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് എന്‍പിഎസ് എന്ന സംഘടനയുടെ പേരിലുള്ള കത്ത് ജില്ലാകളക്ടര്‍ക്കും എ.ജയതിലക്, സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്യായ് , കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറി ആര്‍. മധുശങ്കര്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.
മലയാളത്തിലെഴുതിയ കത്തിന്റെ മുകള്‍ ഭാഗത്ത് എന്‍ഡിഎഫ് + പിഡിപി+സിമി= എന്‍പിഎസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്‍പിഎസ് എന്നത് തീവ്രവാദസംഘടനയോ സാമൂഹ്യവിരുദ്ധസംഘടനയോ അല്ലെന്നും കത്തില്‍ പറയുന്നു.
ശുദ്ധജലവിതരണം, വൈദ്യുതി, ആശുപത്രി തുടങ്ങിയ സേവനങ്ങള്‍ ഇരുപത്തിനാലുമണിക്കൂറും തടസ്സമില്ലാതെ നടത്തിയില്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ചുട്ടുചാമ്പലാക്കുമെന്ന് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കുന്നതാണ് കത്തിന്റെ പ്രധാന ഉള്ളടക്കം.
മാത്രമല്ല ഇത്തരം ഓഫീസുകള്‍ക്ക് മുന്നില്‍ 24മണിക്കൂര്‍ സേവനത്തിന് തയ്യാറാണെന്ന ബോര്‍ഡ് വെയ്ക്കണമെന്നും ജോലിചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
2006മാര്‍ച്ച് മൂന്നിന് കോഴിക്കോട് നഗരത്തില്‍ത്തന്നെ നടന്ന ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടന തങ്ങളെ പിടികൂടുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായും പ്രസ്ഥാവിക്കുന്നു.
അധികം താമസിയാതെ കേരള പൊലീസ് തങ്ങളുടെ കീഴില്‍ വരുമെന്നും സംഘടന അവകാശപ്പെടുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി തെളിവുകളില്ലെന്ന ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ പ്രസ്താവന ഇവിടെ തീവ്രവാദികളും സാമൂഹ്യവിരുദ്ധരും ഇല്ലെന്നതിന് തെളിവാണെന്നും കത്തില്‍ പറയുന്നു.
തങ്ങളുടെ അടുത്ത ലക്ഷ്യം മലപ്പുറം ജില്ലയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തപാല്‍ മാര്‍ഗമാണ് മൂന്ന് പേര്‍ക്കും കത്ത് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications