കൂട്ടആത്മഹത്യാശ്രമം: മൂന്നംഗ കുടുംബത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു
തൃപ്രയാര്‍(തൃശ്ശൂര്‍): അമ്മയെയും മകളെയും വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരയില്‍ കല്ലുകെട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയ ഒരാളെ രക്ഷപ്പെടുത്തി.
അമ്മയും രണ്ടു പെണ്‍കുട്ടികളുമടങ്ങിയ കുടുംബത്തിലെ അമ്മയെയും മൂത്തമകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരയില്‍ കല്ലുകെട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയ ഇളയ മകളെ അമ്മാവനാണ് രക്ഷപ്പെടുത്തിയത്.
നാട്ടിക ഇരിക്കാലി പരേതനായ പ്രഭാകരന്‍ നായരുടെ ഭാര്യ പുത്തന്‍വീട്ടില്‍ രാധമ്മ(62), മൂത്തമകള്‍ രാജശ്രീ(38) എന്നിവരാണ് മരിച്ചത്. ഇയളമകള്‍ ജയശ്രീ(26)യെയാണ് അമ്മാവന്‍ രക്ഷപ്പെടുത്തിയത്.
ജയശ്രീയെ ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി പത്തുമണിയ്ക്കു ശേഷമാണ് സംഭവം നടന്നത്. കൂട്ടആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരിച്ച രാധമ്മയുടെ കാലുകള്‍ക്ക് കുറച്ചുനാളായി തളര്‍വാതം ബാധിച്ചിരിക്കുകയായിരുന്നു. രാജശ്രീയ്ക്ക് ബുദ്ധിമാന്ദ്യമുണ്ട്. നടക്കാന്‍ കഴിയാത്ത രാധമ്മയെ വലിച്ചാണ് കുളക്കരയില്‍ എത്തിച്ചതെന്ന് കരുതുന്നു. വലിച്ചുകൊണ്ടുവന്നതിന്റെ അടയാളങ്ങള്‍ മുറ്റത്ത് കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന ജയശ്രീയുടെ മൊഴിയെടുത്താല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവം അറിയിച്ച ഉടനെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും വലിച്ചിഴച്ചതിന്റെ അടയാളം മുറ്റത്ത് കണ്ടതിനെത്തുടര്‍ന്ന് മൃതദേഹങ്ങളെടുക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. രക്ഷപ്പെട്ട ജയശ്രീ തുന്നല്‍ക്കാരിയാണ്. ഇവരുടെ പിതാവ് പ്രഭാകരന്‍ നായര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ കച്ചില്‍ വച്ച് മരിച്ചിരുന്നു.












Click it and Unblock the Notifications