ഉഗ്രസ്ഫോടനശേഷിയുള്ള ഗ്രനേഡ് കണ്ടെടുത്തു
ആറ്റിങ്ങല്‍: തിരുവനന്തപുരത്തെ കല്ലമ്പലം നാവായിക്കുളത്ത് പൊലീസ് ഉഗ്രസ്ഫോടന ശേഷിയുള്ള ഗ്രനേഡ് കണ്ടെടുത്തു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് ഗ്രനേഡ് കണ്ടെത്തിയത്. നാവായിക്കുളം കപ്പാംകുളം-വെള്ളല്ലൂര്‍ റോഡിലെ കലുങ്കിനടിയില്‍ നിന്നാണ് സ്ഫോടക വസ്തു കണ്ടെടുത്തത്.
വന്‍ സ്ഫോടന ശേഷിയുള്ള ഇത്തരം ഗ്രനേഡുകള്‍ സാധാരണയായി സൈനികാവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അതിനാല്‍ത്തന്നെ സൈനികായുധ നിര്‍മ്മാണശാലയിലായിരിക്കാം ഈ ഗ്രനേഡ് നിര്‍മ്മിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കല്ലമ്പലം പൊലീസ് സ്റേഷനിലേയ്ക്ക് കൊണ്ടുവന്നതിനുശേഷം ബോംബ് സ്ക്വാഡ് ഗ്രനേഡ് പരിശോധിച്ചു. റൂറല്‍എസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കല്ലമ്പലം സ്റേഷനില്‍ എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications