അഴിമതി അവസാനിപ്പിക്കാന്‍ യോഗം വിളിക്കും: വി.എസ്
തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് നവീകരിക്കുക, അഴിമതി അവസാനിപ്പിക്കുക എന്നിവ സംബന്ധിച്ച് ചര്‍ച്ചനടത്തുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ യോഗം എത്രയും പെട്ടന്ന വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അഴിമതി ഒറ്റയടിയ്ക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഉപാധികളൊന്നും സര്‍ക്കാറിന്റെ കയ്യിലില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ അതത് സംഘടനാ നേതാക്കള്‍ക്ക് കാര്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയും. അഴിമതിയ്ക്കും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടിമാത്രം നിലകൊള്ളുന്നവരെ കണ്ടുപിടിച്ചു കൈകാര്യം ചെയ്യണം-വി.എസ് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലും സമീപനത്തിലും മാറ്റമുണ്ടായാല്‍ മാത്രമേ ഭരണമാറ്റമുണ്ടായതായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയുള്ളുവെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ പറഞ്ഞു.
അഴിമതി രഹിത സിവില്‍സര്‍വ്വീസ് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ജീവനക്കാരുടെ സഹകരണം കൂടിയേതീരൂ- അദ്ദേഹം അഭിപ്രായപ്പെട്ടു.
എണ്ണത്തിലും വണ്ണത്തിലും സിവില്‍ സര്‍വ്വീസിനുണ്ടായ വളര്‍ച്ച ഗുണത്തിന്റെ കാര്യത്തില്‍ നേടാനായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വിലയിരുത്തി.
മുകള്‍ത്തട്ടില്‍ തസ്തികകള്‍ കൂടുതലുണ്ടാക്കിയപ്പോള്‍ ജോലിഭാരം കൂടുതലുള്ള താഴേത്തട്ടില്‍ ആവശ്യത്തിനു ജീവനക്കാരില്ലാതായി. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഒരേ വകുപ്പിന്റെ സെക്രട്ടറിമാരായി തുടരുന്ന ചില കൗശലക്കാരുണ്ട്.
സര്‍ക്കാറിന്റെ കണ്ണില്‍പ്പോലും പെടാതെ ചില ഉത്തരവുകളിറക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുമുണ്ട്. കരിമണല്‍ ഖനനാനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയതുതന്നെ ഇതിനുദാഹരണമാണ്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ ഉത്തരവ് പിന്‍വലിച്ചിട്ടില്ല- സുധീരന്‍ ചൂണ്ടിക്കാട്ടി.
ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ജോസ് പ്രകാശ് വിഷയം അവതരിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് അശോകന്‍, അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. രാജന്‍ ഗുരുക്കള്‍, എം.എല്‍ സൈഗാള്‍ , കെ.എന്‍. കെ നമ്പൂതിരി, കെ.ശ്രീകുമാര്‍, ആര്‍ ഉഷ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications